പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറിയതിന് പി. പി. ദിവ്യയെ തരംതാഴ്ത്തി സിപിഎം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തു നിന്നും ഒഴിവാക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ പാർട്ടി പുറത്തിറക്കി. ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്നും ബ്രാഞ്ച് മെമ്പറിലേക്കാണ് തരംതാഴ്ത്തിയത്.
എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി.പി. ദിവ്യക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ദിവ്യക്ക് ജാമ്യം നൽകിയത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ദിവ്യയെ കാത്ത് പാർട്ടി നേതാക്കൾ ജയിലിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. സമ്മേളന കാലയളവിൽ നടപടിയെടുത്താൽ അത് വിഭാഗീയതയ്ക്ക് കാരണമാകും എന്ന് വിലയിരുത്തി നടപടിയിലേക്ക് ഉടൻ കടക്കില്ലെന്നും സൂചനയുണ്ടായിരുന്നു. എന്നിട്ടും അസാധാരണമായ തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്.
ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ പി.പി . ദിവ്യ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിൽ മനംനൊന്താണ് എഡിഎം ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നവീൻ ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. ദിവ്യയുടെ ആരോപണങ്ങളെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരൻ പ്രശാന്തനും രംഗത്തെത്തിയിjരുന്നു. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ദിവ്യയുടെ നിലപാട് നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും, ആളുകൾക്ക് മുമ്പിൽ അപമാനിതനായതിനാൽ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ: 1000 വീട് വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നുവെന്ന് ആരോപണം; പി.വി. അൻവറിൻ്റെ ഡിഎംകെയ്ക്കെതിരെ പരാതി
പരിപാടിയിൽ ജില്ലാ കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് പോയതെന്നാണ് ദിവ്യ ആദ്യം പറഞ്ഞത്. പിന്നീട് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ദിവ്യയുടെ വാദം നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ കളക്ടറുടെ വാദം ശരിവെച്ചു കൊണ്ട് അന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു. ഭീഷണിയുടെ സ്വരത്തിൽ കാര്യങ്ങൾ വിളിച്ചു പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
യാത്രയയപ്പ് വേളയിൽ ഉണ്ടായ ഇത്തരമൊരു സംഭവം നവീൻ ബാബുവിനെ സംബന്ധിച്ച് വലിയ മാനസിക സമ്മർദത്തിന് കാരണമായി. ഈ കാര്യം ബോധ്യപ്പെട്ടതിനാൽ കോടതിയും ഇത് ശരിവെക്കുകയാണ്. നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്.