NEWSROOM

ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇടപെടുന്നില്ല, എ.കെ. ശശീന്ദ്രനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; വിമർശനം സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ

വയനാട്ടിൽ നരഭോജി കടുവ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതിലും മന്ത്രി വേണ്ട ഇടപെടലുകൾ നടത്തിയില്ലെന്നും വിമർശനം

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രനെതിരെയും രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം കാസർഗോഡ് ജില്ലാ സമ്മേളന പ്രതിനിധികൾ. മന്ത്രി സ്ഥാനത്തു നിന്ന് മാറാൻ പാർട്ടി ആവശ്യപ്പെട്ടിട്ടും ശശീന്ദ്രനെ പിടിച്ചു നിർത്തിയ മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.


വന്യ മൃഗശല്യം പരിഹരിക്കാൻ വേണ്ട ഇടപെടൽ മന്ത്രി നടത്തുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ അവഗണിക്കുന്നതായും സമ്മേളന പ്രതിനിധികൾ വിമർശിച്ചു. വയനാട്ടിൽ നരഭോജി കടുവ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതിലും മന്ത്രി വേണ്ട ഇടപെടലുകൾ നടത്തിയില്ല. ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് ഫണ്ട് നൽകുന്നില്ലെന്നും ഇങ്ങനെ പോയാൽ മലയോര മേഖലയിലെ സ്വാധീനം നഷ്ടപ്പെടുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. കൂടാതെ വനം വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇടപെടാതിരിക്കുന്നത് ജനങ്ങളിൽ അപമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികൾ പറഞ്ഞു.

രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ആദ്യ ദിനമുണ്ടായ പൊതു ചർച്ചയിൽ മന്ത്രിമാർ ആരും തന്നെ ജില്ലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ വന്യമൃഗ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാസർഗോഡ് ജില്ലയിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, ജില്ലയിലെത്തിയ മന്ത്രി അതിനെ പറ്റി യാതൊന്നും പ്രതികരിക്കാൻ തയ്യാറായില്ലെന്നും പ്രതിനിധികൾ പറഞ്ഞു.



SCROLL FOR NEXT