NEWSROOM

"പരിചയപ്പെട്ടവർക്കെല്ലാം നല്ല അനുഭവം മാത്രം സമ്മാനിച്ചിട്ടുള്ളയാൾ"; എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് കെ.യു ജെനീഷ് കുമാര്‍ MLA

നവീൻ ബാബുവിന്റെ പത്തനംതിട്ടയിലേക്കുള്ള ജോലി മാറ്റം പൊതുപ്രവത്തകൻ എന്ന നിലയിൽ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ജെനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് ഇടത് എംഎല്‍എ കെ.യു. ജെനീഷ് കുമാര്‍. "മികച്ച രീതിയിൽ നല്ല ട്രാക്ക് റെക്കോർഡോടെ തന്റെ ഔദ്യോ​ഗിക ജീവിതം മുന്നോട്ട് കൊണ്ടുപോയ വ്യക്തിയായിരുന്നു അദ്ദേഹം. പരിചയപ്പെട്ടവർക്കെല്ലാം നല്ല അനുഭവം മാത്രം നമ്മാനിച്ചിട്ടുള്ളയാൾ. അദ്ദേഹവും കുടുംബവുമായും വളരെ നല്ല ബന്ധം പുലർത്താൻ കഴിഞ്ഞിരുന്നു. നവീൻ ബാബുവിന്റെ പത്തനംതിട്ടയിലേക്കുള്ള ജോലി മാറ്റം പൊതുപ്രവത്തകൻ എന്ന നിലയിൽ ഏറെ ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ" എന്ന് കെ.യു. ജെനീഷ് കുമാര്‍ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിൽ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കൈക്കൂലി സംബന്ധിച്ച് രേഖാമൂലം തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രി കെ. രാജന് റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT