NEWSROOM

അൻവർ എടുക്കുന്നത് പാർട്ടിയുടേതല്ല, സ്വർണക്കടത്ത് സംഘത്തിൻ്റെ സെക്യൂരിറ്റിപ്പണി: എ.എ. റഹീം

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിനെ തള്ളിക്കൊണ്ടുള്ള റഹീമിൻ്റെ കുറിപ്പെത്തിയത്

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ആഞ്ഞടിച്ച് സിപിഎം എംപി എ.എ. റഹീം. അൻവർ എടുക്കുന്നത് സ്വർണക്കടത്തുകാരുടെ സെക്യൂരിറ്റി പണിയെന്ന് റഹീം പരിഹസിച്ചു. സ്വർണക്കടത്തിന്റെ മാഫിയാ ഗ്രൂപ്പിലേയ്ക്ക് അന്വേഷണം പോകണമെന്ന് എന്തുകൊണ്ടാണ് അൻവർ ആവശ്യപ്പെടാത്തത്. സ്വർണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നമെന്നും എ.എ. റഹീം ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിനെ തള്ളിക്കൊണ്ടുള്ള റഹീമിൻ്റെ കുറിപ്പെത്തിയത്. 

സ്വർണക്കടത്ത് സംഘങ്ങളെ തൊടുമ്പോൾ ഒരു എംഎൽഎയ്ക്ക് പൊള്ളുന്നതെന്ത് കൊണ്ടെന്ന് ചോദിച്ചായിരുന്നു റഹീമിൻ്റെ പോസ്റ്റ്. സ്വർണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാർത്ത സമ്മേളനമെന്ന് എംപി അഭിപ്രായപ്പെട്ടു. അൻവറിൻ്റെ ആരോപണങ്ങളെ അക്കമിട്ട് നിരത്തി അതിന് മറുചോദ്യം ചോദിച്ചായിരുന്നു റഹീമിൻ്റെ പോസ്റ്റ്.

കസ്റ്റംസും പൊലീസിലെ ഉന്നതരും ചേർന്ന ഒരു പങ്കുവയ്ക്കൽ നടക്കുന്നുണ്ട്, അതിനാണ് കസ്റ്റംസ് സ്വർണം കൊണ്ടുവരുന്നവരെ സംബന്ധിച്ച വിവരം പൊലീസിന് ചോർത്തിക്കൊടുക്കുന്നതെന്ന അൻവറിൻ്റെ ആരോപണം റഹീം പൂർണമായും തള്ളി. പൊലീസിന് വിവരം കൊടുക്കാതെ കസ്റ്റംസിനു തന്നെ പിടിച്ചു, സ്വന്തമായി സ്വർണം പങ്കിട്ടെടുക്കാമല്ലോ, അവർ പൊലീസുമായി ചേർന്ന് പങ്ക് വെക്കേണ്ടവരുടെ എണ്ണം കൂട്ടേണ്ട കാര്യമുണ്ടോ എന്നായിരുന്നു റഹീമിൻ്റെ ചോദ്യം.

സ്വർണക്കടത്തുകാരെ കൂടുതൽ പിടിക്കുന്നത് കൂടുതൽ സ്വർണം പൊലീസിലുള്ളവർക്ക് വീതിച്ചെടുക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാൽ അൻവറിന്റെ നിലപാട് എന്താണ്? സ്വർണക്കടത്ത് പൊലീസ് പിടിയ്ക്കുകയേ ചെയ്യരുതെന്നാണോ ? അൻവർ ആരോപിക്കുന്ന പൊലീസിന്റെ ഈ തട്ടിപ്പ് പരിഹരിച്ച് കുറ്റമറ്റ രീതിയിൽ പരമാവധി സ്വർണക്കടത്തു ക്യാരിയർമാരെയും അത് ചെയ്യിപ്പിക്കുന്നവരെയും പിടിക്കണം എന്നാണോ? ഇന്ന് അൻവർ പ്രദർശിപ്പിച്ച വീഡിയോയിൽ സ്വർണം ക്യാരി ചെയ്തു എന്ന് അവർ തന്നെ സമ്മതിയ്ക്കുന്നു. അവരോട് അൻവർ ഈ ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി നിരവധി ചോദ്യങ്ങൾ റഹീം അൻവറിനെതിരെ ഉയർത്തി.

സ്വർണകടത്തുകാർക്ക് വേണ്ടിയാണ് അൻവർ സംസാരിക്കുന്നത്.അതുകൊണ്ടാണ് ഈ ക്യാരിയറോട് കൊടുത്തുവിട്ടവനെക്കുറിച്ചോ,ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചോ ചോദിയ്ക്കാത്തത്. ജനങ്ങൾക്കായി ധാർമ്മിക രോഷം കൊള്ളുന്ന ഈ ജനപ്രതിനിധി ഒരിക്കൽ പോലും സ്വർണക്കടത്തിന്റെ രണ്ട് വശത്തുമുള്ള മാഫിയാ ഗ്രൂപ്പിലേയ്ക്ക് അന്വേഷണം പോകണം എന്ന് ആവശ്യപ്പെടുന്നില്ലെന്നും റഹീം ആരോപിച്ചു.

ALSO READ: അൻവറിൻ്റേത് ഇടതുപക്ഷ രാഷ്ട്രീയ നിലപാടിൽ നിന്ന് മാറിയ പ്രസ്താവനകൾ, ആരോപണങ്ങൾ അടിസ്ഥാനരഹിതം: എം.വി. ഗോവിന്ദൻ

മുൻപ് പൊലീസ് പിടിച്ച കേസുകളിൽ ശക്തമായ നടപടിയ്ക്കും റിമാന്റിനും സാധിയ്ക്കില്ലായിരുന്നെന്നും എന്നാൽ ഇന്ന് ഭാരതീയ ന്യായ സംഹിത (BNS section 111)പ്രകാരം റിമാന്റും ശക്തമായ നടപടികളും പൊലീസിനു തന്നെ ചെയ്യാൻ അധികാരമായെന്നും റഹീം വ്യക്തമാക്കി. പൊലീസ് നടപടികൾ ശക്തമായി തുടർന്നാൽ ഈ കള്ളക്കടത്ത് കച്ചവടം പ്രതിസന്ധിയിലാകുമെന്ന് സ്വർണക്കടത്ത് മാഫിയകൾക്ക് മനസ്സിലായി. ഇതോടെ ക്യാരിയർമാർ പിന്മാറാൻ തുടങ്ങി. അൻവർ എടുക്കുന്നത് പാർട്ടിയുടേതല്ല, മറിച്ച് സ്വർണക്കടത്ത് സംഘത്തിൻ്റെ സെക്യൂരിറ്റി പണിയാണെന്നും റഹീം ആരോപിച്ചു.

എ.എ. റഹീമിൻ്റെ  പോസ്റ്റിൻ്റെ പൂർണരൂപം

അൻവർ എടുക്കുന്നത് അവരുടെ ‘സെക്യൂരിറ്റി പണിയാണ്’. സ്വർണക്കടത്ത് സംഘങ്ങളെ തൊടുമ്പോൾ ഒരു എംഎൽഎയ്ക്ക് പൊള്ളുന്നതെന്ത്? സ്വർണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്ന് വ്യക്തമിക്കുന്നതാണ് ഇന്നത്തെ വാർത്ത സമ്മേളനം. 
# അൻവർ പറയുന്നത് സ്വർണ്ണം കസ്റ്റംസാണ് പിടിയ്ക്കേണ്ടത് പൊലീസല്ല.
# പൊലീസ് പിടിയ്ക്കുന്നത് ,പിടിയ്ക്കുന്ന കൊള്ള മുതൽ കസ്റ്റംസുമായി ചേർന്ന് പങ്കു വയ്ക്കാനാണ് .കസ്റ്റംസും പൊലീസിലെ ഉന്നതരും ചേർന്ന ഒരു പങ്കുവയ്ക്കൽ നടക്കുന്നു അതിനാണ് കസ്റ്റംസ് സ്വർണം കൊണ്ടുവരുന്നവരെ സംബന്ധിച്ച വിവരം പൊലീസിന് ചോർത്തിക്കൊടുക്കുന്നത്. അപ്പോൾ ലളിതമായ സംശയം.

പൊലീസിന് വിവരം കൊടുക്കാതെ കസ്റ്റംസിനു തന്നെ പിടിച്ചു, സ്വന്തമായി പങ്കിട്ടെടുക്കാമല്ലോ?അവർ പൊലീസുമായി ചേർന്ന് പങ്ക് വയ്ക്കേണ്ടവരുടെ എണ്ണം കൂട്ടേണ്ട കാര്യമുണ്ടോ? # സ്വർണക്കടത്തുകാരെ കൂടുതൽ പിടിയ്ക്കുന്നത് കൂടുതൽ സ്വർണം പൊലീസിലുള്ളവർക്ക് വീതിച്ചെടുക്കാൻ വേണ്ടിയാണ് അപ്പോൾ അൻവറിന്റെ നിലപാട് എന്താണ്?


സ്വർണക്കടത്ത് പൊലീസ് പിടിയ്ക്കുകയേ ചെയ്യരുതെന്നാണോ ? അൻവർ ആരോപിക്കുന്ന പൊലീസിന്റെ ഈ തട്ടിപ്പ് പരിഹരിച്ചു കുറ്റമറ്റ രീതിയിൽ പരമാവധി സ്വർണക്കടത്തു ക്യാരിയർമാരെയും അത് ചെയ്യിപ്പിക്കുന്നവരെയും പിടിക്കണം എന്നാണോ? ഇന്ന് അൻവർ പ്രദർശിപ്പിച്ച വീഡിയോയിൽ സ്വർണ്ണം ക്യാരി ചെയ്തു എന്ന് അവർ തന്നെ സമ്മതിയ്ക്കുന്നു. അവരോട് അൻവർ ഈ ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ട്?  നിങ്ങൾ ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ട് വരുന്നത്? ആരാണ് കള്ളക്കടത്ത് സാധനം ഇവരുടെ കയ്യിൽ കൊടുത്തു വിടുന്നത്?
അൻവർ പറയും അതെന്റെ ജോലിയല്ല, അത് പൊലീസാണ് ചെയ്യേണ്ടത് എന്ന്. ഇപ്പോൾ പൊലീസിന്റെ പണി സ്വയം എടുത്തു എന്ന് പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് സ്വർണ്ണം കടത്തിയവരോട് അതുകൂടി ചോദിയ്ക്കാത്തതിന്റെ കാരണം? 

സ്വർണക്കടത്തിൽ പൊലീസ് ശക്തമായ നടപടികളിലേക്ക് കടന്നത് കൊള്ള മുതലും അത് പൊട്ടിക്കലും ഒക്കെയായി ക്രമസമാധാന പ്രശ്നങ്ങൾ രൂക്ഷമായ സമയത്താണ്. അപ്പോൾ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഓർത്തു നോക്കൂ... സ്വർണം കൊണ്ടുവന്നതിന് പിടിക്കപ്പെട്ടവനാണോ യഥാർഥത്തിൽ നഷ്ടം? അതോ കൊടുത്തു വിട്ട കള്ളക്കടത്തുകാരനാണോ? നൂറു കണക്കിന് സ്വർണക്കടത്തു പൊലീസ് പിടിച്ചു. അതിലൂടെ വൻനഷ്ടം ഉണ്ടായത് ആർക്ക്? കൊണ്ട് വന്നവർക്കോ? കൊടുത്തു വിട്ടാവനോ? ആ സംഘങ്ങൾക്ക് വേണ്ടിയാണ് അൻവർ സംസാരിക്കുന്നത്. അതുകൊണ്ടാണ് ഈ ക്യാരിയറോട് കൊടുത്തുവിട്ടവനെക്കുറിച്ചോ, ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചോ ചോദിയ്ക്കാത്തത്. ജനങ്ങൾക്കായി ധർമ്മിക രോഷം കൊള്ളുന്ന ഈ ജനപ്രതിനിധി ഒരിക്കൽ പോലും സ്വർണകടത്തിന്റെ രണ്ട് വശത്തുമുള്ള മാഫിയാഗ്രൂപ്പിലേയ്ക്ക് അന്വഷണം പോകണം എന്ന് ആവശ്യപ്പെടുന്നില്ല.
ഇപ്പോൾ എന്ത്കൊണ്ട്?? 


മുൻപ് പൊലീസ് പിടിച്ച കേസുകളിൽ ശക്തമായ നടപടിയ്ക്കും റിമാന്റിനും സാധിയ്ക്കില്ലായിരുന്നു.ഇപ്പോൾ ഭാരതീയ ന്യായ സംഹിത (BNS section 111)പ്രകാരം റിമാന്റും ശക്തമായ നടപടികളും പൊലീസിനു തന്നെ ചെയ്യാൻ അധികാരമായി. പൊലീസ് ഈ വകുപ്പ് പ്രകാരം നടപടികൾ സ്വീകരിച്ചു തുടങ്ങി. അതോടെ ക്യാരിയർമാർ പിന്മാറാൻ തുടങ്ങി. പൊലീസ് നടപടികൾ ശക്തമായി തുടർന്നാൽ ഈ കള്ളക്കടത്ത് കച്ചവടം പ്രതിസന്ധിയിലാകുമെന്ന് സ്വർണക്കടത്ത് മാഫിയകൾക്ക് മനസ്സിലായി. ദൗർഭാഗ്യകരം എന്ന് പറയട്ടെ അൻവർ എടുക്കുന്നത് അവരുടെ ‘സെക്യൂരിറ്റി പണിയാണ്’. ‘പാർട്ടിയുടെ സെക്യൂരിറ്റി പണിയല്ല’.

സിപിഎം എംഎൽഎ എം.എം. മണിയും അൻവറിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്നെയായിരുന്നു നേതാവിൻ്റെ വിമർശനം. "ഞങ്ങളെ എതിർക്കുന്നവരും വിമർശിക്കുന്നവരുമുണ്ടാവും. അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂ.അതൊന്നും ഞങ്ങളേ ബാധിക്കുന്ന കാര്യങ്ങളല്ല. ഞങ്ങളെ ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണ് ജനങ്ങളുടെ പ്രശ്നങ്ങളാണ്," എം.എം. മണി കുറിച്ചു.

SCROLL FOR NEXT