NEWSROOM

ബിജെപി മുതലെടുക്കും, ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: CPM പത്തനംതിട്ട ജില്ലാ കമ്മിറ്റി

ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്


ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിങ് വിഷയം വിവാദമാകുന്നതോടെ ബിജെപി ഉള്‍പ്പെടെ വീണ്ടും അവസരം മുതലെടുക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം.

ശബരിമലയിൽ വെർച്വൽ ക്യൂ ഇല്ലാതെ ഭക്തരെ കയറ്റില്ലെന്ന് തീരുമാനിച്ചാൽ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ ബിജെപി സഹായിക്കും. ശബരിമലയിൽ വീണ്ടും പ്രക്ഷോഭം നടത്താൻ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം, ശബരിമലയില്‍ മണ്ഡലകാലത്ത് സ്പോട്ട് ബുക്കിങ് നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഓൺലൈൻ ബുക്കിങ് മാത്രമെന്ന തീരുമാനം മാറ്റിയേക്കുമെന്നാണ് സൂചന. പമ്പയില്‍ 10000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ദേവസ്വത്തിന്‍റെ ആലോചന.

ഇത്തവണ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട്  മൂന്ന് മണി മുതൽ രാത്രി 11 വരെയുമാകും ദര്‍ശന സമയം. നേരത്തെ വൈകിട്ട് നാല് മുതൽ 11 വരെ ആയിരുന്നു. മണ്ഡലകാലം മുഴുവൻ ഈ സമയക്രമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാരുമായി ഇക്കാര്യം കൂടിയാലോചിക്കും. അതേസമയം, ഒരു ദിവസം ദര്‍ശത്തിന് 80000ത്തിൽ കൂടുതല്‍ ആളുകളെ അനുവദിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

SCROLL FOR NEXT