NEWSROOM

പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്; പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം

പേട്ട ജങ്ഷനിൽ വച്ചായിരുന്നു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം പൂണിത്തുറയിലെ കൂട്ടത്തല്ലിൽ കടുത്ത നടപടികളുമായി സിപിഎം ജില്ലാ കമ്മിറ്റി. പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടും. ലോക്കൽ സമ്മേളനവും റദ്ദാക്കി. ലോക്കല്‍ കമ്മിറ്റി സമ്മേളനം നടത്തണമോയെന്ന് പിന്നീട് തീരുമാനിക്കും.തൃക്കാക്കര ഏരിയ കമ്മറ്റി അംഗം വി.പി. ചന്ദ്രൻ, രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങള്‍, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരെ പുറത്താക്കാനും എറണാകുളം ജില്ലാ കമ്മറ്റി തീരുമാനിച്ചു.

പേട്ട ജങ്ഷനിൽ വെച്ചായിരുന്നു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്. സംഭവത്തിന് പിന്നാലെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്.

വനിതാ നേതാക്കൾക്കെതിരായ അപകീർത്തി പരാമർശത്തിൽ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയിലും നടപടി എടുത്തു. ഏരിയ കമ്മറ്റി അംഗം ജയപ്രകാശിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സെക്രട്ടറിയേറ്റ് അംഗം ആര്‍അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ആരോപണം ശരിവെച്ചതിനെ തുടര്‍ന്നാണ് നടപടി. 

SCROLL FOR NEXT