NEWSROOM

പ്രചരിപ്പിക്കുന്നത് അസത്യമെന്ന് വി. ജോയ്; ഏത് പാർട്ടിയിലേക്കെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെന്ന് മധു മുല്ലശ്ശേരി

മധു മറ്റ് പാർട്ടിയിൽ പോയാൽ കൂടെ സ്വന്തം മകൻ പോകുമോ എന്ന് സംശയമാണെന്ന് കടകംപള്ളി സുരേന്ദ്രനും ആഞ്ഞടിച്ചു

Author : ന്യൂസ് ഡെസ്ക്

പാർട്ടിയോട് ഇടഞ്ഞ് ഇറങ്ങിപ്പോയ മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ തള്ളി സിപിഎം. മധുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. അസത്യങ്ങൾ പ്രചരിപ്പിച്ച് പാർട്ടിക്കെതിരെ അപവാദപ്രചരണങ്ങൾ അഴിച്ചുവിടുനന്നുവെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. ഉപരി കമ്മിറ്റികളുമായി ആലോചിച്ച് മധുവിന്റെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും വി. ജോയ് പറഞ്ഞു. 

വി. ജോയ്ക്ക് പിന്നാലെ മധുവിനെ തള്ളി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. സംഘടനാപരമായി തോൽവി നേരിടാനുള്ള കരുത്ത് മധുവിനില്ലെന്ന് കടകംപള്ളി വിമർശിച്ചു. മധുവിനെ എന്തിന് അനുനയിപ്പിക്കണം, മധു മറ്റ് പാർട്ടിയിൽ പോയാൽ കൂടെ സ്വന്തം മകൻ പോകുമോ എന്ന് സംശയമാണെന്ന് കടകംപള്ളി സുരേന്ദ്രനും ആഞ്ഞടിച്ചു.

അതേസമയം, അച്ചടക്കനടപടി ഉണ്ടാകുമെന്ന് പറയാൻ താൻ കമ്മ്യൂണിസ്റ്റുകാരൻ അല്ലെന്നും, പാർട്ടിയിൽ നിന്ന് ഇറങ്ങി വന്നയാളാണ് താനെന്നും മധു മുല്ലശ്ശേരി പ്രതികരിച്ചു. ജില്ലാ സെക്രട്ടറി നടത്തിയ വിഭാഗീയ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. മകനും തനിക്കൊപ്പം ഉണ്ടാകും. കടകംപള്ളിക്കൊപ്പവും, ആനാവൂരിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ഉണ്ടാകാത്ത വേദനയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ജില്ലാ സെക്രട്ടറി നുണ പറയുന്നവർക്ക് ഒപ്പമാണ്. ഏറെ മുന്നിൽ നിൽക്കുന്നതാണ് മംഗലപുരം ഏരിയ കമ്മിറ്റി. വിഭാഗീയ പ്രവർത്തനത്തിലൂടെ വി. ജോയ് അതിനെ തകർക്കാൻ ശ്രമിക്കുന്നു. തനിക്കെതിരെ സാമ്പത്തിക അഴിമതി ആരോപണം ഇന്നലെ വരെ ഉയർന്നില്ലല്ലോയെന്നും മധു മുല്ലശ്ശേരി പറഞ്ഞു.


ജോയിക്ക് എതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കുന്നത് താനല്ല, ജനങ്ങളാണ്. എന്നും അധികാരത്തിന് പുറകെ പോയ ആളാണ് ജോയ്. പാർട്ടി സംസ്ഥാന കമ്മിറ്റിയിലെത്തിയത് പലരെയും സ്വാധീനിച്ചാണ്. തുടർഭരണം കിട്ടിയാൽ മന്ത്രി ആകണം, അതാണ് ജോയിയുടെ ആഗ്രഹം. നേതൃത്വം വിഭാഗീയ പ്രവർത്തനം നടത്തിയാൽ മറുഭാഗത്തും ആളുണ്ടാകുമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച്, മുസ്ലിം ലീഗും, കോൺഗ്രസും, ബിജെപിയും തന്നെ ബന്ധപ്പെട്ടുവെന്നും, ഡിഎംകെയിൽ നിന്ന് പിവി അൻവറും ബന്ധപ്പെട്ടുവെന്നും മധു മുല്ലശ്ശേരി പറഞ്ഞു. ഇതുവരെ തീരുമാനമെടുത്തിട്ടില്ല, പൊതുപ്രവർത്തന രംഗത്ത് ഉണ്ടാകും, എന്തായാലും സിപിഎമ്മിന് ഒപ്പമില്ല, മറ്റൊരു പാർട്ടിക്കൊപ്പം ആയിരിക്കും, രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മധു കൂട്ടിച്ചേർത്തു.


കഴിഞ്ഞ ദിവസമാണ് ഭിന്നതകളെ തുടർന്ന് പാർട്ടി വിടുമെന്ന് മധു മുല്ലശ്ശേരി ന്യൂസ് മലയാളത്തോട് പറഞ്ഞത്. ബിജെപിയിലേക്കോ കോൺഗ്രസിലേക്കോ എന്ന് തീരുമാനിച്ചില്ലെന്നും മധു കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയുമായുള്ള വിയോജിപ്പിനെ തുടർന്നാണ് മധു പാർട്ടി വിടാൻ തീരുമാനിച്ചത്. വിയോജിപ്പ് പരസ്യമാക്കി ഏരിയാ സമ്മേളനത്തിൽ നിന്നും മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു . വി. ജോയ് പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നതായി മധു മുല്ലശ്ശേരി ആരോപിച്ചു. സിപിഎം ഏരിയാ സമ്മേളനങ്ങളിലെ തർക്കം തലസ്ഥാന നഗരത്തിലും പാർട്ടിക്ക് തലവേദനയാകുകയാണ്.

SCROLL FOR NEXT