മുഖ്യമന്ത്രി - ഗവർണർ പോരിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഗവർണറുടെ തുടർച്ചയായുള്ള വിമർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടെ തീരുമാനം.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകളും ഇന്ന് യോഗത്തിലുണ്ടാകും. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപിനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടിയുടെ ആലോചന. പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനു മോളെ സിപിഎം പരിഗണിക്കുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം എടുക്കും.
ALSO READ: ഓം പ്രകാശിനെ പരിചയമില്ലെന്ന മൊഴി; പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും വിശ്വാസത്തിലെടുത്ത് പൊലീസ്
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് തീരുമാനം. റിപ്പോർട്ട് ലഭിച്ചിട്ടും യാതൊരു നടപടിയുമെടുക്കാതെ സർക്കാർ അടയിരുന്നുവെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. കടുത്ത ഭാഷയിലുള്ള വിമർശനമായിരിക്കും ഇന്നും സർക്കാരിനെതിരെ നടത്തുക. നോട്ടീസിന് മന്ത്രിയുടെ മറുപടിയും, അവതരണാനുമതി നൽകുമോ എന്നതും നിർണായകമാകും.