NEWSROOM

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ആത്മകഥാ വിവാദത്തിൽ ഇ.പിയിൽ നിന്നും വിശദീകരണം തേടും

തെരഞ്ഞടുപ്പ് ഘട്ടത്തിൽ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ ഉയർന്നുവരുന്നതെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ആത്മകഥാ വിവാദം കത്തിനിൽക്കേ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. ഇ.പി ജയരാജനിൽ നിന്ന് വിശദീകരണം തേടുമെന്നാണ് ലഭ്യമാകുന്ന വിവരം.പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പാർട്ടിയുടെ നീക്കം.എന്നാൽ പുറത്തുവന്ന വാർത്തകളുമായി തനിക്ക് ബന്ധമില്ലെന്നും, തെരഞ്ഞടുപ്പ് ഘട്ടത്തിൽ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ ഉയർന്നുവരുന്നതെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ഞാൻ എഴുതിയതല്ല പുറത്തുവന്നതെന്നും,ഡിസി ബുക്‌സിന് പ്രസിദ്ധീകരണ അവകാശം നൽകിയിട്ടില്ലെന്നും, ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്കാണെന്നും ഇ.പി. വ്യക്തമാക്കിയിരുന്നു. കൂലിക്ക് എഴുതിപ്പിക്കുന്ന രീതി ഇല്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.

എഴുതി പൂർത്തിയാകാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നായിരുന്നു ഇ.പി. ജയരാജൻ്റെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ദിവസം വാർത്ത വന്നത് ആസൂത്രിതമാണ്. പാലക്കാടും ചേലക്കരയിലും എൽഡിഎഫ് ജയിക്കും എന്ന് ഉറപ്പായപ്പോൾ ആസൂത്രിതമായി നടത്തി നീക്കമായിരുന്നു ഇത്. ഒരു പ്രസാധകരുമായും കരാറില്ല, ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോൾ പുറത്തു വന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും, സ്വന്തമായി എഴുതിയ ആത്മകഥ ഉടൻ പുറത്തു വരുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.


"എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താനായി ഏൽപിച്ച ആളെ സംശയിക്കുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും പങ്കുവെച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ല. വിവാദത്തിന് മറുപടി നൽകേണ്ടത് ഡിസി ബുക്ക്‌സാണ്. അതിനാണ് വക്കീൽ നോട്ടീസ് കൊടുത്തത്," ഇ.പി. ജയരാജൻ വ്യക്തമാക്കി

വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ എൽഡിഎഫ് സ്ഥാനാർഥയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന് എത്തിയിരുന്നു. പാലക്കാട്ടെ സ്വതന്ത്രസ്ഥാനാർഥി ഡോ. പി. സരിൻ ഉത്തമസ്ഥാനാർഥിയാണ്. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചയാളാണ് സരിൻ. പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണ് സരിനെന്നും ഇ.പി അഭിപ്രായപ്പെട്ടു.


കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായ സരിൻ, ശേഷം സിവിൽ സർവീസിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ ഇടതുപക്ഷത്തോടൊപ്പം നിന്നില്ലെങ്കിലും അയാൾക്ക് ഇടതുപക്ഷ മനസ് ആയിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു സരിൻ്റെ പ്രവർത്തനം. എന്നാൽ അദ്ദേഹം വിശ്വസിച്ച കോൺഗ്രസ് പാർട്ടി വർഗീയ ശക്തികളുമായി കൂട്ടുചേർന്നു, വ്യക്തി താത്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു. അങ്ങനെയാണ് സരിൻ കോൺഗ്രസ്സ് രാഷ്ട്രീയത്തോട് വിയോജിച്ചത്. അതിനാൽ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനായ സരിനെ സിപിഎം സ്ഥാനാർഥിയാക്കിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

SCROLL FOR NEXT