NEWSROOM

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ADGP അജിത് കുമാര്‍, പി.ശശി വിഷയങ്ങള്‍ ചര്‍ച്ചയാകും

മുഖ്യമന്ത്രിയുടെ നിലപാട് വിഷയത്തില്‍ നിർണായകമാകും.

Author : ന്യൂസ് ഡെസ്ക്

പി.വി അൻവറിൻ്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറിച്ച് മുഖ്യമന്ത്രിക്കിക്കും പാർട്ടി സെക്രട്ടറിക്കും പി.വി. അന്‍വര്‍ നൽകിയ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

എഡിജിപി അജിത്ത് കുമാറിനെതിരെ നടപടി വേണമോ എന്നതും അജണ്ടയിൽ ഉണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായ പി.ശശിയ്ക്കതിരെ നൽകിയ പരാതിയിൽ പാർട്ടി അന്വേഷണം ഉണ്ടാകുമോയെന്നതും ഇന്നറിയാം. പരാതി ഗൗരവമായി പരിശോധിക്കുമെന്ന് നേരത്തെ നേതൃത്വം സൂചിപ്പിച്ചിരുന്നു. അൻവറിൻ്റെ പരാതികൾ ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് വിഷയത്തില്‍ നിർണായകമാകും.

അതേസമയം ഇന്നലെ ആരംഭിച്ച സിപിഐ നിർവാഹക സമിതി യോഗം ഇന്നും തുടരും. പാലക്കാട് ഉൾപ്പെടെ സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ നിർണായക തീരുമാനങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ സാധ്യതയുണ്ട്.

പി.വി. അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍വിളിയില്‍ എസ്.പി സുജിത് ദാസിനെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. നേരത്തേ പത്തനംതിട്ട എസ്പി സ്ഥാനത്തു നിന്ന് സുജിത് ദാസിനെ നീക്കം ചെയ്തിരുന്നു.

പി.വി. അന്‍വറിനോടുള്ള ഏറ്റുപറച്ചിലില്‍ സുജിത് ദാസിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഡിഐജി അജിത ബീഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുജിത് ദാസിന്റെ പ്രവൃത്തി സര്‍വീസ് ചട്ടം ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതി പിന്‍വലിക്കാന്‍ എംഎല്‍എയോട് പറഞ്ഞത് തെറ്റാണെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

SCROLL FOR NEXT