തൃശൂരിലെ ബിജെപി വളർച്ചയിൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിലാെ മറുപടി പ്രസംഗത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. ആർഎസ്എസിന്റെ ഇടപെടലും ബിജെപിയുടെ വളർച്ചയും ശ്രദ്ധിക്കണം. പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ബിജെപി വലിയതോതിൽ കടന്നുകയറുന്നുണ്ട്. ചേലക്കരയിലെ വോട്ട് വർധനവ് ഗൗരവത്തോടെ കാണണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ചേലക്കരയിൽ ബിജെപി ഉണ്ടാക്കിയ വോട്ട് വർധനയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേലക്കര - വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റികൾ പോലും തയ്യാറായില്ല. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയാണ്. പാർട്ടി കരുത്തോട് കൂടി ഒറ്റക്കെട്ടായി മുന്നോട്ടു പോണം. ന്യൂനപക്ഷങ്ങൾക്കിടയിലും ബിജെപി സ്വാധീനം വർധിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളിൽ നിന്നും മെമ്പർഷിപ്പ് കുറഞ്ഞത് ഗൗരവമായി കാണണം. വനിത - ക്രൈസ്തവ - പട്ടികജാതി വിഭാഗങ്ങളിൽ ഉള്ള കൂടുതൽ ആളുകളെ പാർട്ടിയിൽ കൊണ്ടുവരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സർക്കാരുകളെയും മന്ത്രിമാരെയും താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല. ഉമ്മൻ ചാണ്ടി സർക്കാരും ഒന്നാം പിണറായി സർക്കാരും തമ്മിലുള്ള വിത്യാസമല്ല ഇപ്പോൾ ഉള്ളത്. ഒന്നാം പിണറായി സർക്കാരും നിലവിലെ സർക്കാരും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ആണ് പ്രശ്നം. മന്ത്രിമാരുടെ പ്രവർത്തനത്തെയും അത്തരത്തിൽ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ കാര്യത്തിലും ജലജീവൻ പദ്ധതിയുടെ കാര്യത്തിലും പാർട്ടിയല്ല മറുപടി പറയേണ്ടത്. അതിനുത്തരവാദിത്തപ്പെട്ട മന്ത്രിമാരും എംഎൽഎമാരും വിഷയങ്ങളിൽ ഇടപെടും. പൊലീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല. സിപിഎം പ്രവർത്തകർ ഭരണമില്ലാത്ത സമയത്തും പൊലീസുമായി ഇടപെട്ടിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പാർട്ടിയിലെ ഒരു നേതാവും സംരക്ഷണം ഒരുക്കിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നന്നായി പ്രവർത്തിക്കുന്നവർ പാർട്ടിയോടൊപ്പം മുന്നോട്ട് പോകും. ഒരാൾ പറയുന്നത് കേട്ട് ഒരാളും നിൽക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.