കണ്ണൂരിൽ 17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിയുമായി സിപിഎം. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഇരുവരെയും പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി.
പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പാർട്ടി നടപടി. ശനിയാഴ്ച വൈകിട്ട് മുയ്യത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശനായ വിദ്യാർഥി ഇക്കാര്യം കൂട്ടുകാരോട് തുറന്നുപറഞ്ഞതോടെ സമാനമായ അനുഭവം ഇയാളിൽ നിന്നനുഭവപ്പെട്ടതായി മറ്റു കുട്ടികളും പറഞ്ഞു.
തുടർന്നാണ് ഇരുവരെയും വിദ്യാർഥികളും മാതാപിതാക്കളും കുടുക്കിയത്. ശേഷം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.