മുകേഷിനെതിരെ ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടേണ്ടെന്ന് തീരുമാനിച്ച് സിപിഎം. സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എന്നാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. സമിതി പുനഃസംഘടിപ്പിക്കുമ്പോഴായിരിക്കും ഒഴിവാക്കുക. സിപിഐ ദേശീയ നേതൃത്വത്തിൻ്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് തീരുമാനം.
Also Read: സിനിമയെ പറ്റി ധാരണയുള്ള മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്, സജി ചെറിയാന് വകുപ്പ് ഒഴിയണം : ആഷിഖ് അബു
അതേസമയം, മുകേഷിൻ്റെ രാജി സംബന്ധിച്ച് സിപിഐയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. മുകേഷ് രാജിവക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് സിപിഐയിൽ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം. പൊതുപ്രവർത്തനത്തിൽ ധാർമ്മികത അനിവാര്യമെന്നത് പൊതു വികാരമാണ്. എന്നാൽ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നും തീരുമാനം സിപിഎമ്മും മുകേഷും എടുക്കട്ടെ എന്ന നിലപാടിലുമാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതു സംബന്ധിച്ച് സിപിഎം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചതായാണ് വിവരം. മുകേഷിൻ്റെ രാജി ചോദിച്ച് വാങ്ങണമെന്ന് ആനി രാജയും ആവശ്യപ്പെട്ടിരുന്നു.
മുകേഷിനെതിരെ മൂന്നോളം പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസുമെടുത്തിരുന്നു. പരാതി നല്‍കിയവരുടെ മൊഴിയെടുക്കുന്നത് ഉള്‍പ്പെടെ നടപടികളും പുരോഗമിക്കുകയാണ്. അതിനിടെയാണ് മുകേഷിൻ്റെ രാജിക്കായി വിവിധ കോണുകളിൽ നിന്ന് ആവശ്യമുയര്‍ന്നത്. എംഎൽഎ സ്ഥാനം രാജിവെയ്ക്കണം, സിനിമ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം എന്നിങ്ങനെ ആവശ്യങ്ങളാണ് സിനിമ-രാഷ്ട്രീയ-സാമുഹ്യ മേഖലയിലുള്ളവരില്‍നിന്ന് നിരന്തരം ഉയരുന്നത്. കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
അതേസമയം, ആരോപണങ്ങൾ ബ്ലാക്ക് മെയ്‌ലിങ്ങാണെന്നാണ് മുകേഷിന്റെ വാദം. പ്രതിപക്ഷ ആരോപണങ്ങളിൽ ഇടതുപക്ഷത്തു നിന്ന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നില്ലെന്നും മുകേഷ് ആരോപിച്ചിരുന്നു. ലൈംഗികാരോപണങ്ങൾ ഉയർന്നതിനു പിന്നാലെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ മുകേഷ് രൂക്ഷവിമർശനം നേരിട്ടിരുന്നു. അതിനു പിന്നാലെയായിരുന്നു മുകേഷിന്റെ പ്രതികരണം.