NEWSROOM

56 വര്‍ഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക്; മലയാളി സൈനികന്‍ തോമസ് ചെറിയാന്‍റെ സംസ്‌കാരം ഇന്ന്

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ഇലന്തൂരിലെ കുടുംബവീട്ടിലെത്തിക്കുക

Author : ന്യൂസ് ഡെസ്ക്

ഹിമാചൽപ്രദേശിലെ റോഹ്താങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ട് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ജന്മനാട്ടില്‍ എത്തിക്കും. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം പത്തനംതിട്ട ഇലന്തൂരിലെ കുടുംബവീട്ടിലെത്തിക്കുക. പൊതുദർശനത്തിനും ഭവന ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സമാപന ശുശ്രൂഷയും സൈന്യത്തിന്റെ ബഹുമതികളും നൽകി സംസ്കരിക്കും. ഇലന്തൂർ ഭഗവതികുന്ന്‌ ഓടാലിൽ ഒ. എം. തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ് തോമസ് ചെറിയാൻ.


വ്യാഴാഴ്ച ഉച്ചയോടെയാണ് തോമസ് ചെറിയാൻ്റെ ഭൗതികദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്.തുടർന്ന് വിലാപയാത്രയായി തുറന്ന സൈനീക വാഹനത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ALSO READ: മലയാളി സൈനികനെ കാണാതായത് 1968ൽ; 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

ചണ്ഡീഗഢിൽനിന്ന്‌ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായിരുന്ന തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌.

SCROLL FOR NEXT