NEWSROOM

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലോക ടെസ്റ്റ് ഇലവനില്‍ നായകന്‍ ബുംറ; ഓപ്പണറായി ഇന്ത്യന്‍ യുവതാരവും

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 30 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്


പോയവര്‍ഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയാണ് ആറ് രാജ്യങ്ങളില്‍ നിന്നുള്ള പതിനൊന്നംഗ ടീമിന്റെ ക്യാപ്റ്റന്‍. 2024ലെ പ്രകടനങ്ങള്‍ കണക്കാക്കി തിരഞ്ഞെടുത്ത ലോക ഇലവനിലാണ് ഇന്ത്യന്‍ താരത്തിന് നായകസ്ഥാനം. ഇന്ത്യന്‍ നിരയില്‍നിന്ന് യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ബൗളര്‍ ജോഷ് ഹേസല്‍വുഡും, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ അലക്സ് കാരിയുമാണ് ടീമിലിടം പിടിച്ചിട്ടുള്ള ഓസീസ് താരങ്ങള്‍. മാറ്റ് ഹെന്‍‌റി, രചിന്‍ രവീന്ദ്ര (ന്യൂസിലന്‍ഡ്), ജോ റൂട്ട്, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് (ഇംഗ്രണ്ട്), കാമിന്ദു മെന്‍ഡിസ് (ശ്രീലങ്ക), കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ബുംറയുടേത്. 13 മത്സരങ്ങളില്‍ നിന്നായി 71 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ളതും ഇന്ത്യന്‍ താരം തന്നെയാണ്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 64ന് അഞ്ച് എന്നതായിരുന്നു മികച്ച പ്രകടനം. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 19 വിക്കറ്റുകള്‍ നേടിയ ബുംറ, ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 30 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പെര്‍ത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച നായകനുമായി. ഇതോടെയാണ് ലോക ഇലവന്റെ നായകസ്ഥാനം ബുംറയിലേക്കെത്തിയത്.

മൂന്ന് സെഞ്ചുറികളുള്‍പ്പെടെ നേടിയ 1478 റണ്‍സാണ് ജയ്സ്വാളിനെ ഓപ്പണര്‍ സ്ഥാനത്തെത്തിച്ചത്. 15 മത്സരങ്ങളില്‍ നിന്നായി 54.74 ശരാശരിയിലായിരുന്നു ജയ്സ്വാളിന്റെ നേട്ടം. ഉയര്‍ന്ന സ്കോര്‍ 214 റണ്‍സ്. 22 വയസ്സുള്ള ജയ്സ്വാള്‍ വെറ്ററന്‍ താരത്തിന് തുല്യമായ പ്രകടനം കാഴ്ചവെച്ചതായാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിലയിരുത്തല്‍. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഒന്നിനുപിറകെ ഒന്നായി രണ്ട് ഇരട്ട സെഞ്ചുറികള്‍, പെര്‍ത്തില്‍ ഓസീസിനെതിരെ 161 റണ്‍സ് എന്നിങ്ങനെ പ്രകടനങ്ങള്‍ ഏറെ നിര്‍ണായകമായി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ഓപ്പണര്‍, കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് (36) എന്നിങ്ങനെ നേട്ടങ്ങളുമാണ് ജയ്സ്വാളിന് തുണയായത്.

ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റാണ് ജയ്സ്വാളിനൊപ്പം ടീമിലിടം പിടിച്ച മറ്റൊരു ഓപ്പണര്‍. സഹതാരങ്ങള്‍ അമ്പേ പരാജയപ്പെട്ട മത്സരങ്ങളില്‍ പോലും നടത്തിയ മികച്ച പ്രകടനമാണ് ബെന്‍ ഡക്കറ്റിനെ ഓപ്പണര്‍ സ്ഥാനത്തെത്തിച്ചത്. 17 മത്സരങ്ങളില്‍നിന്ന് 1149 റണ്‍സാണ് നേട്ടം. ശരാശരി 37.06. രണ്ട് സെഞ്ചുറികള്‍, ഉയര്‍ന്ന സ്കോര്‍ 153. രാജ്കോട്ടിലെ 153, മുള്‍ട്ടാനിലെ 114 റണ്‍സ് പ്രകടനവും നിര്‍ണായകമായി. 2024ലെ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ ജോ റൂട്ടാണ് മൂന്നാം നമ്പറില്‍. 17 മത്സരങ്ങളില്‍ നിന്നായി 1556 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ശരാശരി 55.57. ആറ് സെഞ്ചുറികള്‍ സ്വന്തമാക്കി. ലോര്‍ഡ്സില്‍ ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചുറികളും, പാകിസ്താനെതിരെ മുള്‍ട്ടാനില്‍ പുറത്താകാതെ നേടിയ 262 റണ്‍സും ക്രിക്കറ്റ് ഓസ്ട്രേലിയ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലന്‍ഡിന്റെ യുവഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയാണ് നാലാം നമ്പറില്‍. ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ട ഹാരി ബ്രൂക്കും, കാമിന്ദു മെന്‍ഡിസുമാണ് മധ്യനിരയിലുള്ളത്. ഓസീസിന്റെ അലക്സ് കാരി വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലിടം പിടിച്ചു.

ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കരുത്ത് പകരാന്‍ ബുംറയ്ക്കൊപ്പം പേസര്‍മാരായി മാറ്റ് ഹെന്‍‌റിയും ഹേസല്‍വുഡുമുണ്ട്. 2024ല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകളാണ് മാറ്റ് ഹെന്‍‌റിക്ക് സ്വന്തം. നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം. 67ന് 7 വിക്കറ്റാണ് മികച്ച പ്രകടനം. 15 മത്സരങ്ങളില്‍നിന്ന് 35 വിക്കറ്റുകളാണ് ഹേസല്‍വുഡിന്റെ നേട്ടം. 31ന് അഞ്ച് വിക്കറ്റാണ് മികച്ച പ്രകടനം. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത ഏറെക്കുറെ ഉറപ്പിച്ച ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജാണ് ലോക ഇലവനിലെ സ്പിന്നര്‍. 15 മത്സരങ്ങളില്‍ നിന്നായി 35 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. 59ന് അഞ്ച് വിക്കറ്റാണ് മികച്ച പ്രകടനം.

SCROLL FOR NEXT