NEWSROOM

കോട്ടയം നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്; എവിടെയുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം

ഒരു മാസം കഴിഞ്ഞിട്ടും പ്രതി അഖിൽ സി. വർഗീസിനെ പിടികൂടാൻ വൈകുന്നത് രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്



കോട്ടയം നഗരസഭയിലെ 3 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗതിയില്ലാതെ തുടരുന്നു. പ്രതി അഖിൽ സി. വർഗീസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല . ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ വൈകുന്നത് രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

കുടുംബ പെൻഷൻ തുക സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 3 കോടി തട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ വൈക്കം നഗരസഭയിലെ ക്ലർക്കായ അഖിൽ ഒളിവിൽ പോയിരുന്നു. ഇയാൾ കോട്ടയം നഗരസഭയിൽ ജോലി ചെയ്യുവെ ആയിരുന്നു തട്ടിപ്പ് നടന്നത്. നഗരസഭയുടെ പരിശോധനയിൽ ഫണ്ട് തട്ടിയെടുത്തതായി ബോധ്യപ്പെട്ടതോടെ അഖിലിനെ ജോലിയിൽ നിന്ന് സസ്‌പൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും അഖിൽ സി. വർഗീസ് കാണാമറയത്ത് തുടരുകയാണ്. ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസിനും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് എട്ടിന് തമിഴ്നാട്ടിൽ എത്തിയതായി മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏക വിവരം. പ്രതിയെ പിടികൂടാനാവാത്തത് രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വിവരങ്ങൾ കണ്ടെത്താനായില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രതി രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും രേഖകളും അടക്കമുള്ള തെളിവുകൾ കോടതിക്ക് കൈമാറിയിരുന്നു. 2020 മുതൽ 2023 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.

SCROLL FOR NEXT