NEWSROOM

മാമി തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; സ്വാഗതം ചെയ്ത് കുടുംബം

കേസ് സിബിഐക്ക് വിടണമെന്ന ശുപാർശയ്ക്ക് പിന്നാലെയാണ് ഡിജിപിയുടെ നടപടി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്ടെ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മാമി (മുഹമ്മദ് ആട്ടൂര്‍) തിരോധാനക്കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന ശുപാർശയ്ക്ക് പിന്നാലെയാണ് ഡിജിപിയുടെ നടപടി.

അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് സ്വാഗതം ചെയ്യുന്നതായി മാമിയുടെ കുടുംബം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഒരു സ്വതന്ത്ര ഏജൻസിയാണ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഇടപെടലിലാണ് അവിശ്വാസം ഉണ്ടായിരുന്നത്. കേരള പൊലീസിൽ ഇപ്പോഴും വിശ്വാസമുണ്ട്. നേരത്തെയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാരിൽ ധാരണയായിരുന്നതാണ്. എന്നാൽ അവസാന നിമിഷം അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നിൽ എഡിജിപി എംആർ അജിത് കുമാറാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറങ്ങും മുമ്പ് തിടുക്കത്തിൽ എഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

2023 ഓഗസ്റ്റ് 22നാണ് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി. കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ ടവർ ഡംപ് പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണത്തിൻ്റെ പല ഘട്ടത്തിലും കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നാണ് മാമിയുടെ കുടുംബത്തിന്‍റെ ആരോപണം. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്.

SCROLL FOR NEXT