മുംബൈ: പതിനാലു വയസുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെ 200 ഓളം പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ പാൽഗറിൽ സെക്സ് റാക്കറ്റ് സംഘത്തിൽ അകപ്പെട്ട പെൺകുട്ടിയെ പൊലീസ് മോചിപിക്കുകയായിരുന്നു. പിന്നാലെയാണ് പെൺകുട്ടി പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘത്തിൽ നിന്നും ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ 14 വയസുകാരി അടക്കം അഞ്ച് സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്.
സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റ പെൺകുട്ടി മാതാപിതാക്കളെ ഭയന്നാണ് നാടുവിട്ടത്. പരിചയക്കാരിയായ ഒരു സ്ത്രീയോടൊപ്പമാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഇവരാണ് കുട്ടിയെ ഇന്ത്യയിലെ സെക്സ് റാക്കറ്റ് സംഘത്തിലേക്ക് വിട്ടത്.
എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷനും ഹാർമണി ഫൗണ്ടേഷനും ചേർന്ന് മീര-ഭയന്ദർ വസായ്-വിരാർ പൊലീസിൻ്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിൻ്റേയും സഹായത്തോടെ പെൺകുട്ടിയെ ജൂലൈ 26നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. കേസിൽ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യം ഗുജറാത്തിലെ നാദിയാദിലേക്കാണ് സംഘം പെൺകുട്ടിയെ കൊണ്ടുപോയത്. അവിടെ വെച്ചാണ് 200ലധികം പേർ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ഹാർമണി ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ എബ്രഹാം മത്തായി പറയുന്നത്. അതേസമയം, എംബിവിവി പൊലീസ് സംഘത്തിലെ മുഴുവൻ പേരെയും കണ്ടെത്തുമെന്നും ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും പൊലീസ് കമ്മീഷണർ നികേത് കൗശിക് പറഞ്ഞു.