ചെന്നൈ: പത്ത് കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ എയര്‍പോര്‍ട്ടില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. 28 കിലോഗ്രാം ഹൈ ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവരില്‍ നിന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ബാഗിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സംശയകരമായ പെരുമാറ്റം കണ്ടാണ് സ്ത്രീകളെ വിശദമായ പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിയിലായ സ്ത്രീകളില്‍ ഒരാള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയാണ്. ചെന്നൈയില്‍ താമസമാക്കിയ സ്ത്രീയാണ് മറ്റൊരാള്‍. ഇവര്‍ മുമ്പ് ദുബായില്‍ വീട്ടുജോലി ചെയ്തിരുന്നതായും കണ്ടെത്തി. സിനിമയില്‍ ചെറിയ വേഷങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
തായ് ലന്‍ഡില്‍ നിന്നാണ് ഇരുവരും എത്തിയത്. ഫൂക്കറ്റ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് സ്ത്രീകള്‍ക്ക് കഞ്ചാവ് കൈമാറിയത് എന്നാണ് കണ്ടെത്തല്‍. ചെന്നൈ എയര്‍പോര്‍ട്ടില്‍ മറ്റൊരാള്‍ക്ക് നല്‍കാനായിരുന്നു നിര്‍ദേശം. ഹൈ ഗ്രേഡ് കഞ്ചാവായതിനാല്‍ തന്നെ ഇത് ആര്‍ക്കാണ് വിതരണം ചെയ്യുന്നത് എന്നും എന്‍സിബി അന്വേഷിക്കുന്നുണ്ട്. തമിഴ് സിനിമാ മേഖലയിലുള്ളവര്‍ക്കും വിതരണം ചെയ്യുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
തായ്‌ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഇത്തരത്തില്‍ ലഹരിക്കടത്ത് വ്യാപമാകുന്നുണ്ടെന്നാണ് കണ്ടെത്തില്‍. ഇതിന്റെ പിന്നിലുള്ള കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.