കൊല്ലപ്പെട്ട സുലൈമാൻ റഹീം ഖാൻ 
CRIME

പെൺകുട്ടിയുമായി സംസാരിച്ചു; മഹാരാഷ്ട്രയിൽ 21കാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര: പെൺകുട്ടിയുമായി സംസാരിച്ച 21കാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ജൽഗാവിലാണ് സംഭവം. കഫേയിൽ ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് യുവാവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് തല്ലിക്കൊന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

രണ്ട് ദിവസം മുൻപായിരുന്നു സംഭവം. പൊലീസ് റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കുന്നതിനായാണ് റഹീം ഖാൻ ജാംനറിലേക്ക് പുറപ്പെട്ടത്. പിന്നാലെ കഫേയിൽ വെച്ച് റഹീം ഖാൻ 17 വയസ്സുള്ള ഒരു പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. പെട്ടെന്ന് കഫേയിലെത്തിയ ആൾക്കൂട്ടം റഹീമിൻ്റെ ഫോൺ തട്ടിപ്പറിച്ച് പരിശോധിച്ചു.

തുടർന്ന് റഹീമും യുവാക്കളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഒരു കൂട്ടം ആളുകൾ ചേർന്ന് റഹീം ഖാനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച് കൊല്ലുകയായിരുന്നു. റഹീം ഖാൻ്റെ ശരീരമാസകലം പരിക്കുകളുണ്ടെന്ന് അച്ഛൻ സുലൈമാൻ പറഞ്ഞു. പിതാവും മറ്റ് കുടുംബാംഗങ്ങളും റഹീമിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചതായി ആരോപണമുണ്ട്.

കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നാല് പേരെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് ആറ് പേരെ ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT