അറസ്റ്റിലായ ഷൈന, ദിലീപ്, ദിനേശ്  NEWS MALAYALAM 24x7
CRIME

മാഹിയിലെ വീട്ടില്‍ നിന്ന് 25 പവന്‍ മോഷ്ടിച്ചു; അനിയന്‍ ബാവയും ചേട്ടന്‍ ബാവയും അറസ്റ്റില്‍

ഹോംനഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്

Author : ന്യൂസ് ഡെസ്ക്

മാഹി: ജോലിക്കു നിന്ന വീട്ടില്‍ നിന്ന് 25 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ അനിയന്‍ ബാവയും ചേട്ടന്‍ ബാവയും അറസ്റ്റില്‍. ചേട്ടന്‍ ബാവയുടെ ഭാര്യ ഷൈനിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന വീട്ടിലെ ഹോം നഴ്‌സായിരുന്നു ഷൈനി.

അനിയന്‍ ബാവ എന്ന ദിനേശിനെ ഇന്നലെയായിരുന്നു അറസ്റ്റ് ചെയ്തത്. ചേട്ടന്‍ ബാവ എന്ന ദിലീപും ഭാര്യ ഷൈനിയും ഇന്ന് കൊല്ലത്തു നിന്നാണ് അറസ്റ്റിലായത്.

പന്തക്കല്‍ ഊരോത്തുമ്മല്‍ ക്ഷേത്രത്തിന് സമീപം സപ്രമയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രമ്യാ രവീന്ദ്രന്റെ വീട്ടിലെ ആഭരണങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശിയായ രമ്യ കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ നഴ്‌സാണ്. ഭര്‍ത്താവ് ഷിബുകുമാര്‍ കൊല്ലത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ മക്കളെ നോക്കാനായാണ് ഷൈനിയെ ജോലിക്കെടുത്തത്. ജോലിക്കെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഷൈനി ജോലി മതിയാക്കി പോയിരുന്നു.

ഇവിടെ നിന്ന് പോകുന്ന സമയത്ത് ഷൈനി താക്കോലും കൈക്കലാക്കി. ശനിയാഴ്ച രാത്രി കുട്ടികളെ അടുത്ത വീട്ടിലാക്കി രമ്യ ജോലിക്കു പോയ സമയത്തായിരുന്നു മോഷണം നടന്നത്. ദിനേഷും ദിലീപും ചേര്‍ന്ന് ഷൈനി നല്‍കിയ താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് കവര്‍ച്ച നടത്തുകയായിരുന്നു. രമ്യയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 25 പവന്‍ കവര്‍ന്ന ശേഷം വാതില്‍ പൂട്ടി താക്കോല്‍ ജനവാതിലിലൂടെ അകത്തേക്ക് ഇടുകയായിരുന്നു.

രമ്യയുടെ പരാതിയില്‍ മാഹി പൊലീസ് മൂന്ന് സ്‌ക്വാഡുകളായാണ് അന്വേഷണം നടത്തിയത്. ഷൈനിയുടെയും അടുത്ത ബന്ധുക്കളുടെയും കോള്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ ദിനേശ് രമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഷൈനിയുടെ വീടിന്റെ പിന്‍വശത്ത് കുഴിച്ചിട്ട നിലയില്‍ 15 പവന്‍ സ്വര്‍ണം കണ്ടെത്തി. ദിനേഷിനെ വെളിമാനം കോളനിയില്‍ നിന്ന് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ദിനേഷിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ 16 ഓളം കേസുകളുണ്ട്. 2023 മുതല്‍ 24 വരെ കാപ്പ ചുമത്തി വിയ്യൂര്‍ ജയിലിലായിരുന്നു.

അനിയന്‍ ബാവയുടെ പേരില്‍ 16 ഓളം കേസുകള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്. അടിപിടി, മോഷണം എന്നീ കേസുകളാണ്. 2023 മുതല്‍ 24 വരെ കാപ്പ ചുമത്തി വിയ്യൂര്‍ ജയിലിലടച്ചിരുന്നു. ഈ സഹോദരങ്ങള്‍ കോപ്പാലത്ത് ബാറില്‍ മദ്യപിക്കാന്‍ സ്ഥിരമായി വരാറുള്ളതായി പോലീസ് പറയുന്നു.

SCROLL FOR NEXT