സരസാൾ Source: News Malayalam 24x7
CRIME

കൊന്ന് കത്തിച്ച് കുഴിച്ചിട്ടത് മൂക്കുത്തി അപഹരിക്കാൻ; പാലക്കാട്ടെ 66കാരിയുടേത് അരുംകൊല

അയൽവാസിയായ ഉദയകുമാറാണ് ക്രൂരകുറ്റകൃത്യം നടത്തിയത്...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: 66കാരിയെ കൊന്ന് കത്തിച്ച് കുഴിച്ചിട്ടു. ആട്ടയാമ്പതി സ്വദേശി സരസാളിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂക്കുത്തി അപഹരിക്കാനായി അയൽവാസിയായ ഉദയകുമാറാണ് ക്രൂരകുറ്റകൃത്യം നടത്തിയത്. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സമീപത്തെ വഴിയിലൂടെ നടന്നു പോകുകയായിരുന്ന സരസാളിനെ അയൽവാസിയായ പ്രതി ഉദയകുമാർ വീട്ടിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു. സരസാളിൻ്റെ മൂക്കുത്തി തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് വടിയെടുത്ത് തലയ്ക്കടിച്ചു. നിലത്തുവീണ സരസാളിനെ നെഞ്ചിൽ ചവിട്ടുകയും കൊടുവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ച ശേഷം മൂക്കുത്തി കവരുകയുമായിരുന്നു. അതിക്രൂരമായി മർദിച്ചാണ് സരസാളിനെ കൊന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്.

കൊലപാതകശേഷം മൃതദേഹം ശുചിമുറിയിൽ കൊണ്ടുപോയി കത്തിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ചാക്കിലാക്കി പ്രതിയുടെ വീടിൻ്റെ പുറകിൽ കുഴിച്ചിട്ടു. പ്രതിക്കൊപ്പം 17 വയസുകാരനും പങ്കുള്ളതായി സൂചനയുണ്ട്. കൊലപാതകശ്രമ കേസിലടക്കം പ്രതിയായിരുന്ന 17 വയസുകാരനായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ജൂൺ 10ന് രാവിലെയാണ് കൊലപാതകം നടന്നത്. ഒറ്റയ്ക്കാണ് സരസാൾ ആട്ടിയാമ്പതിയിൽ താമസിക്കുന്നത്. 11ന് രാവിലെ സരസാളിന് പേരക്കുട്ടി ഭക്ഷണം വീട്ടിൽ എത്തിച്ചിരുന്നു. 12ന് രാവിലെ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് തലേ ദിവസത്തെ ഭക്ഷണം കാണുന്നത്. ഉടൻ തന്നെ കൊഴിഞ്ചാമ്പാറ പൊലീസിൽ സരസാളിനെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

SCROLL FOR NEXT