ഛണ്ഡീഗഡ്: അതീവ സുരക്ഷാ മേഖലയിൽ രണ്ടംഗ സംഘം യുവാവിനെ വെടിവച്ച് കൊന്നു. സെക്ടർ ഒമ്പതിലാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഡീലർ പ്രീത് നഗ്രയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജിമ്മിൽ വ്യായാമം കഴിഞ്ഞ് മടങ്ങവെയാണ് നഗ്രക്കുനേരെ ആക്രമണമുണ്ടായത്. കൊലപാതക കാരണം വ്യക്തമല്ല. പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പഞ്ച്ഗുളയിലും മൊഹാലിയിലും കൊലപാതികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മൊഹാലി ജില്ലയിലെ മുള്ളൻപൂർ സ്വദേശിയാണ് വെടിയേറ്റ മരിച്ച പ്രീത് നഗ്ര. വ്യായാമം കഴിഞ്ഞ് തന്റെ കാറിൽ ഇരിക്കുമ്പോഴാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടാകുന്നത്. ഹോണ്ട ആക്ടീവയിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിർത്തത്. ഛണ്ഡീഗഡ് പൊലീസ് ആസ്ഥാനവും യുടി സെക്രട്ടേറിയറ്റും സിഥിതിചെയ്യുന്ന അതീവ സുരകാഷാ മേഖലയിലാണ് കൊലപാതകം നടന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് വെടിവയ്പ് നടന്നത്.
സംഭവത്തിൽ സീനിയർ പൊലീസ് സൂപ്രൻണ്ടന്റ് കൻവർദീപ് കൗറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊലപാതകം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ജിമ്മിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് ലഭിച്ച ബാലിസ്റ്റിക് തെളിവുകളും ഷെൽ കേസിംങ്ങുകളും സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടിറിയിൽ പരിശോധനക്കയച്ചിരിക്കുകയാണ്.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സെക്ടർ പതിനൊന്ന് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. ജിമ്മിന്റെ പ്രവേശന കവാടത്തിലെയും മാർക്കറ്റിന്റെ പുറത്തേക്കുള്ള വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ പരമാവധി ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.