CRIME

പ്രണയാഭ്യര്‍ഥന നിരസിച്ചു, കട്ടിങ് മെഷീന്‍ ഉപയോഗിച്ച് സ്‌കൂളില്‍ കയറി പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; 21കാരന്‍ പിടിയില്‍

തടയാന്‍ ശ്രമിച്ച സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ കട്ടിങ് മെഷീന്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. 21 കാരനായ പ്രതി സ്‌കൂളില്‍ പ്രവേശിച്ചായിരുന്നു പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയെ അതിക്രൂരമായി പരിക്കേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയം നിരസിച്ചതിനുള്ള പകയാണ് അക്രമ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ റാപ്താടു മണ്ഡലത്തിലുള്ള ജില്ലാ പരിഷത്ത് ഹൈസ്‌കൂളില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പ്രതിയായ ഹേമന്ത് ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു. ക്ലാസ് മുറി മുഴുവന്‍ രക്തം പടര്‍ന്നതോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഭയന്നോടി. പലരും ബോധരഹിതരായി വീഴുകയും കരഞ്ഞുവിളിക്കുകയും ചെയ്തു.

15 കാരിയായ പെണ്‍കുട്ടിയുടെ കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റതായും വലതുകൈ ഏതാണ്ട് അറ്റുപോയ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ പെണ്‍കുട്ടിക്ക് പരിക്കേറ്റത്. സംഭവത്തെത്തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നതിനാല്‍, തൊഴിലാളിയാണെന്ന് കരുതി അധ്യാപകരും സുരക്ഷാ ജീവനക്കാരും ഇയാളെ അകത്തേക്ക് കടത്തിവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ അതീവ ഗൗരവകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ ദൂരെയുള്ള ബന്ധുവാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. നിരന്തരമായ ശല്യപ്പെടുത്തലുകളും പ്രണയാഭ്യര്‍ത്ഥനകളും പെണ്‍കുട്ടി നിരസിച്ചതിലുള്ള വൈരാഗ്യമാണ് ഈ കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് സൂചന.

സംഭവം ആന്ധ്രപ്രദേശില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നൈഡുവും ആഭ്യന്തര മന്ത്രി വി. അനിതയും സംഭവത്തില്‍ അഗാധമായ ഞെട്ടലും രോഷവും രേഖപ്പെടുത്തി. പരിക്കേറ്റ കുട്ടികള്‍ക്ക് മികച്ച വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ജില്ലാ അധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് സുരക്ഷാ വീഴ്ചയുണ്ടായെന്നും ചെയ്ന്‍സോ പോലെയുള്ള മാരകായുധവുമായി ഒരാള്‍ക്ക് ക്ലാസ് മുറിവരെ എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്നും ചോദിച്ച് രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

SCROLL FOR NEXT