പത്തനംതിട്ട: മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി നിയമ പോരാട്ടം നടത്തുകയാണ് ആറന്മുള സ്വദേശി എം.എസ്. രാധാകൃഷ്ണൻ. 2014 ആയിരുന്നു മെഡിക്കൽ വിദ്യാർഥിയായിരുന്ന രോഹിത് രാധാകൃഷ്ണൻ കർണാടക മംഗലാപുരത്ത് വെച്ച് മരിച്ചത്. സിബിഐ അന്വേഷണം നടക്കുന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേരള-കർണാടക മുഖ്യമന്ത്രിമാർക്ക് പരാതി കൊടുത്തിരിക്കുകയാണ് രാധാകൃഷ്ണൻ.
11 വർഷങ്ങൾക്ക് ഇപ്പുറവും അഭിഭാഷകനായ എം.എസ്. രാധാകൃഷ്ണൻ ഉറച്ചു വിശ്വസിക്കുന്നത് മകൻ അപകടത്തിൽ മരിച്ചതല്ല എന്ന് തന്നെയാണ്. മംഗലാപുരത്ത് വെച്ച് രാധാകൃഷ്ണന്റെ മകൻ രോഹിത് രാധാകൃഷ്ണൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ഹൈവേയിൽ വെച്ച് മകന് അപകടം സംഭവിച്ചു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അഭിഭാഷകൻ കൂടിയായ രാധാകൃഷ്ണൻ ഇത് പൂർണമായും തള്ളുകയാണ്. ഈ കേസിൽ പുനരഅന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
രോഹിത് കോളേജിൽ പഠിക്കാൻ എത്തിയ കാലം മുതൽ ചില അധ്യാപകർ രോഹിത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അച്ഛൻ രാധാകൃഷ്ണൻ പറയുന്നു. നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായിരിക്കെ 2014 ലാണ് രോഹിത് രാധാകൃഷ്ണന്റെ മരണം ആദ്യം ലോക്കൽ പൊലീസും പിന്നീട് സുപ്രീം കോടതി നിർദേശപ്രകാരം സിബിഐയും കേസ് അന്വേഷിച്ചു. സിബിഐ അന്വേഷണവും മകന്റെ മരണത്തിലെ ദുരൂഹത നീക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കേസിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് പിതാവ് രാധാകൃഷ്ണൻ.