Source: X
CRIME

പിറന്നാൾ ഒരുക്കങ്ങൾക്കിടെ ആക്രമണം; ഡൽഹിയിൽ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി

മകനെ കെട്ടിപ്പിടിച്ചശേഷം ചതിച്ച് കൊല്ലുകയായിരുന്നെന്ന് അച്ഛൻ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെ 27 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഷഹ്ദാരിയിലുള്ള യുവാവിന്റെ വീടിനുസമീപത്ത് തന്നെയാണ് കൊലപാതകം നടന്നത് വെള്ളിയാഴ്ച അർധരാത്രിയാണ് 27 വയസ്സുള്ള ഗഗൻ എന്ന യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഷഹ്ദാരിയിലുള്ള വീട്ടിൽ 28ആമത്തെ പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു ഗഗൻ.

വെള്ളിയാഴ്ച രാത്രി സമയം 12 ആകാറായപ്പോൾ ഒരു സുഹൃത്ത് പുറത്തുണ്ട് കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ഗഗൻ പുറത്തേക്കിറങ്ങി.വേഗം തിരികെ വരണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഉടനെത്താമെന്ന് മറുപടി നൽകിയാണ് ഗഗൻ വീടിന്റെ രണ്ടാംനിലയിൽ നിന്ന് നടന്ന് താഴെയിറങ്ങി പുറത്തേക്ക് പോയത്. അച്ഛൻ വീട്ടിനുള്ളിൽ നിന്ന് നോക്കിയപ്പോൾ കണ്ട അവ്യക്തമായ കാഴ്ചകളെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

ബൈക്കിലെത്തിയ ആളാണ് ഗഗനോട് സംസാരിച്ചിരുന്നത്. സംസാരത്തിനിടെ ഗഗനെ അയാൾ കെട്ടിപ്പിടിച്ചു. പിന്നാലെയാണ് വെടിയൊച്ച കേട്ടത്. ഒച്ച കേട്ടതോടെ ഗഗന്റെ ഭാര്യ അച്ഛനോട് ഒന്ന് പുറത്തിറങ്ങി നോക്കാൻ പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഗഗന്റെ മൃതശരീരം കാണുന്നത്. മകനെ കെട്ടിപ്പിടിച്ചശേഷം ചതിച്ച് കൊല്ലുകയായിരുന്നെന്ന് അച്ഛൻ പറയുന്നു. ആകാശത്തേക്കും രണ്ട് തവണ വെടിവച്ചശേഷമാണ് കൊലപാതകി ബൈക്കിൽ കടന്നുകളഞ്ഞത്.

വിവരമറിഞ്ഞയുടൻ ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് ഫൊറൻസിക് അടക്കമുള്ള ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തി.കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിലുണ്ടെന്ന സൂചന പൊലീസ് ഗഗന്റെ കുടുബംത്തിന് കൈമാറിയിട്ടുണ്ട്. ഗഗൻ വിവാഹതിനാണ്. ഏതാനും ദിവസംമുമ്പാണ് ഇയാൾക്ക് ഒരു കുഞ്ഞ് ജനിച്ചത്.

SCROLL FOR NEXT