മലപ്പുറം: തിരൂരിൽ മണല്‍കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. ജൂനിയര്‍ എസ്ഐയും സിപിഒയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലോറിയുടെ എഞ്ചിൻ ഓഫായതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങളുടെ സിസിടിവി ദൃശ്യം പുറത്ത്.
ബുധനാഴ്ച രാവിലെ തിരൂര്‍ മംഗലത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തിരൂര്‍ സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ മിഥുന്‍, സിപിഒ വിബീഷ് എന്നിവര്‍ക്കാണ് മണല്‍ മാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റത്. ലോറി ഡ്രൈവര്‍ തൃപ്രങ്ങോട് ആനപ്പടി മാങ്ങോട്ടില്‍ സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മണല്‍കടത്ത് പിടികൂടാന്‍ വേഷം മാറി ബൈക്കില്‍ സഞ്ചരിക്കവേയാണ് മിഥുനും വിബീഷും അപകടത്തില്‍പെട്ടത്. പെരുന്തല്ലൂരില്‍ വെച്ച് സുഹൈലിന്റെ ലോറിക്ക് പൊലീസ് കൈകാണിച്ചു. മഫ്ടിയിലായതിനാല്‍ പൊലീസാണെന്നറിയാതെ ലോറി നിര്‍ത്തിയ സുഹൈല്‍ പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞതും ലോറി വേഗത്തില്‍ മുന്നോട്ടെടുത്തു.
മരണവേഗത്തില്‍ പാഞ്ഞ ലോറിയെ മിഥുനും വിബീഷും ബൈക്കില്‍ പിന്തുടര്‍ന്നു. നിറയെ മണല്‍ലോഡുമായി അമിതവേഗത്തില്‍ പാഞ്ഞ സുഹൈല്‍ ആലിങ്ങല്‍ വഴി മംഗലത്തെത്തി ആലത്തിയൂര്‍ റോഡിലേക്ക് തിരിഞ്ഞതും ബ്ലോക്കില്‍ കുടുങ്ങി. ഈസമയം ലോറിയെ മറികടക്കാന്‍ ശ്രമിച്ചതോടെ ലോറി വലത്തേക്ക് വെട്ടിച്ച് ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ പൊലീസുകാരന്‍ തെറിച്ചു റോഡില്‍ വീണു.
പിന്നെയും ലോറി മുന്നോട്ട് പോയതും പെട്ടെന്ന് വാഹനം ഓഫായി. ഈസമയം പിന്തുടര്‍ന്നെത്തിയ പൊലീസുകാര്‍ സുഹൈലിനെ കീഴടക്കുകയായിരുന്നു. ജീവന്‍ പണയം വച്ചാണ് മിഥുനും വിബീഷും മണല്‍കടത്ത് പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.