ദര്‍ഭംഗ: മകളുടെ കണ്‍മുന്നില്‍വെച്ച് പിതാവ് ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. ബിഹാറിലെ ദര്‍ഭംഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതര ജാതിയില്‍പെട്ട യുവാവിനെ പെണ്‍കുട്ടി പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.
നഴ്‌സിങ് വിദ്യാര്‍ഥിയായ രാഹുല്‍ കുമാര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഇതേ കോളേജില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായ തനു പ്രിയയുടെ പിതാവാണ് പോയിന്റ് ബ്ലാങ്കില്‍ രാഹുലിനെ വെടിയുതിര്‍ത്തത്. രാഹുലുമായുള്ള മകളുടെ പ്രണയത്തെ പിതാവ് എതിര്‍ത്തിരുന്നു.
രാഹുലിനെ വെടിവെച്ചതിനു പിന്നാലെ തനുവിന്റെ പിതാവ് പ്രേംശങ്കറിനെ വിദ്യാര്‍ഥികള്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മുമ്പായിരുന്നു രാഹുലും തനുവും വിവാഹിതരായത്.
കോളേജ് ഹോസ്റ്റലില്‍ തന്നെയായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം തോക്കുമായി ഹൂഡി ധരിച്ചെത്തിയാണ് പിതാവ് ഭര്‍ത്താവിനു നേരെ നിറയൊഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തന്റെ കണ്‍മുന്നില്‍ വെച്ചാണ് പിതാവ് ഭര്‍ത്താവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
രാഹുലിന്റെ കൊലപാതകത്തില്‍ പിതാവിന് മാത്രമല്ല, കുടുംബത്തിന് മുഴുവന്‍ പങ്കുണ്ടെന്നും തനു ആരോപിച്ചു. തങ്ങളുടെ പ്രണയ ബന്ധത്തെ കുടുംബം എതിര്‍ത്തിരുന്നുവെന്നും തനിക്കും ഭര്‍ത്താവിനും ജീവന് ഭീഷണിയുള്ളതായും കോടതിയില്‍ പറഞ്ഞിരുന്നതായും തനു വ്യക്തമാക്കി.
രാഹുലിനെ ആക്രമിച്ചതിനു പിന്നാലെ, പ്രേംശങ്കറിനെ വിദ്യാര്‍ഥികള്‍ കൈയ്യറ്റം ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തനുവും രാഹുലും പഠിക്കുന്ന ആശുപത്രിയില്‍ പ്രേംശങ്കറിനെ ചികിത്സിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രതിയെ പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചു.