CRIME

കോട്ടയത്തെ ഭാര്യയുടെ കൊലപാതകം: അൽപ്പനയുടെ മൃതദേഹം കണ്ടെത്തി; കൊലയ്ക്ക് കാരണം മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം

കേസിൽ നിർമാണ തൊഴിലാളിയായ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: അയർക്കുന്നത്ത് ബംഗാൾ സ്വദേശി ഭാര്യയെ കൊന്ന് കുഴിച്ചിട്ടെന്ന കേസിൻ്റെ ചുരുളഴിച്ച് പൊലീസ്. ഭര്‍ത്താവ് സോണി കൊന്ന് കുഴിച്ചുമൂടിയ ഭാര്യ അൽപ്പനയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നിർമാണ തൊഴിലാളിയായ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഒക്ടേബർ 14നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. അയർക്കുന്നത്ത് തന്നെ ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് കൊലപാതകം നടത്തിയത്. ഭാര്യയുമായി ഓട്ടോയിലാണ് പ്രതി ജോലി ചെയ്യുന്ന നിർമാണത്തിലിക്കുന്ന കെട്ടിടത്തിൽ എത്തിയത്. പിന്നാലെ ഫോൺകോളിനെ ചൊല്ലി തർക്കമുണ്ടാവുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തു. ശേഷം ഒറ്റയ്ക്ക് തിരിച്ചു പോകുകയായിരുന്നു. ഇയാൾ ഭാര്യയുമായി പ്രദേശത്ത് എത്തുന്നതിൻ്റെയും തിരിച്ച് ഒറ്റയ്ക്ക് പോകുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ഒക്ടേബർ 17ാം തീയതിയാണ് ഇയാൾ അൽപ്പനയെ കാണാനില്ലെന്ന് പറഞ്ഞ് അയർക്കുന്നം പൊലീസിൽ പരാതി നൽകിയത്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയി എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. പിന്നാലെ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടും പ്രതി തയ്യാറാവത്തതോടെയാണ് ആർപിഎഫിൻ്റെ സഹായത്തോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. കല്‍ക്കെട്ടില്‍ തലയിടിപ്പിച്ചാണ് സോണി ഭാര്യയെ കൊന്നതെന്നാണ് കോട്ടയം ഡിവൈഎസ്പി പറഞ്ഞത്. കഴുത്തു ഞെരിക്കുകയും മരണം ഉറപ്പിക്കാന്‍ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. മൃതദേഹം പ്രതി വീടിന്റെ പിന്‍ഭാഗത്താണ് കുഴിച്ചിട്ടതെന്നും ഡിവൈഎസ്പി അരുണ്‍ കുമാര്‍ പറഞ്ഞു.

SCROLL FOR NEXT