ഭോപ്പാൽ: രസഗുളയാണെന്ന് വിശ്വസിപ്പിച്ച് അയൽവാസി നൽകിയ നാടൻ ബോംബ് കടിച്ചതോടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ രാമഭഗത് ബരൗതിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
അത്താഴത്തിന് ശേഷം രാജേന്ദ്ര കുടുംബത്തോടൊപ്പം ഇരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിലെത്തിയ രാമഭഗത് ബരൗതിയ എന്ന പ്രതി രാജേന്ദ്രയ്ക്ക് കഴിക്കാനായി രസഗുള നൽകി. തുടർന്ന് രാജേന്ദ്ര ഇത് വായിലിട്ട് ചവച്ചതോടെ ഉഗ്ര ശബ്ദത്തോടെ രസഗുള പൊട്ടിത്തെറിക്കുകയായിരുന്നു.
കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു ഗസഗുളയിൽ ചേർത്ത് നൽകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ രാജേന്ദ്രൻ്റെ വായിലും താടിയെല്ലിലും ഗുരുതരമായി പരിക്കേറ്റു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ രാജേന്ദ്രയുടെ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ അയൽവാസിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിക്ക് എങ്ങനെയാണ് അസംസ്കൃത സ്ഫോടകവസ്തു ലഭിച്ചത് എന്നും അത് അയാളുടെ കൈവശം എത്താൻ കാരണമായ സാഹചര്യം എന്താണ് എന്നുമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.