പ്രതി സെബാസ്റ്റ്യന്‍ Source: News Malayalam 24x7
CRIME

ഒരു കൊലപാതകക്കേസ്, ഒരു കൂട്ടം തിരോധാനക്കേസുകളും; അന്വേഷണ സംഘത്തെ വട്ടംകറക്കി സെബാസ്റ്റ്യന്‍

ഒരുകൂട്ടം കേസുകളിലെ പ്രതി ഒരാളായിട്ടും അന്വേഷണസംഘത്തിന് തെളിവുകള്‍ ഇപ്പോഴും കയ്യെത്താ ദൂരത്ത് തന്നെ

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചേര്‍ത്തല ജെയ്‌നമ്മ കൊലപാതകത്തിലും തിരോധാന കേസുകളിലും തെളിവുകള്‍ക്കായി നെട്ടോട്ടമോടി അന്വേഷണസംഘം. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പ്രതി സെബാസ്റ്റ്യന്‍ നിസ്സഹകരണം തുടരുകയാണ്. ലഭിച്ച അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

ഏതൊരു കേസുകളിലും പ്രധാനം തെളിവുകളാണ്. എന്നാല്‍ ഒരുകൂട്ടം കേസുകളിലെ പ്രതി ഒരാളായിട്ടും അന്വേഷണസംഘത്തിന് തെളിവുകള്‍ ഇപ്പോഴും കയ്യെത്താ ദൂരത്ത് തന്നെ. ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്‍ ഒടുവില്‍ കുറ്റസമ്മതം നടത്തുമ്പോഴും മൃതശരീരം എവിടെയെന്ന് കണ്ടെത്താനായില്ല.

എവിടെവച്ച്, എന്തിന് എന്നടക്കമുള്ള ചോദ്യങ്ങളും ബാക്കിയാവുന്നു. ആകെ കണ്ടെത്തിയത് സെബാസ്റ്റ്യന്‍ വിറ്റതും പണയം വച്ചതുമായ ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ്. പള്ളിപ്പുറത്തെ വീട്ടില്‍ ഏഴുമണിക്കൂര്‍ നീണ്ട തെളിവെടുപ്പിലും കാര്യമായൊന്നും കണ്ടെത്തിയില്ല. ലഭിച്ച അസ്ഥി കഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

കുളത്തില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങളും, കൊന്തയും ആരുടേതെന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനയും വേണം. അപ്പോഴും ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ കേസുകള്‍ തിരോധാനമായി തന്നെ അന്വേഷിക്കുകയാണ്. ഇരുവരെയും അറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

വയോധികനായ പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങളും അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ബുദ്ധിമുട്ടാകുന്നുണ്ട്. കസ്റ്റഡി കാലാവധി കഴിയും മുന്‍പ് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പൂര്‍ണ്ണ ചിത്രം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സെബാസ്റ്റ്യന്റെ ഭാര്യയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ സെബാസ്റ്റ്യന്റെ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയ്‌നമ്മയെ കാണാതായ കേസിലാണ് കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

ജെയ്‌നമ്മ കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് ഇന്നും തെളിവെടുപ്പ് തുടര്‍ന്നു. കുഴിയെടുത്ത് പരിശോധിക്കാന്‍ മണ്ണുമാന്തി യന്ത്രവും പറമ്പിലെ കുളങ്ങളും കിണറും വറ്റിച്ച് പരിശോധിക്കാന്‍ അഗ്‌നിശമനസേനയും എത്തിയിട്ടുണ്ട്.

SCROLL FOR NEXT