ജീൻ പോർമാനോവ്, ലൈവ് സ്ട്രീമിങ്ങിനിടെയുള്ള ദൃശ്യങ്ങൾ Source: Instagram, X
CRIME

ഡാർക്ക് വെബിന് സമാനമായ കോണ്ടൻ്റുകൾ, അതിക്രൂര മർദനം; ലൈവ് സ്ട്രീമർ ജീൻ പോർമാനോവ് കൊല്ലപ്പെട്ടു; അവസാന നാളുകളിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ലൈവ് സ്ട്രീമിങ്ങിൽ ആളുകൾ കയറാനായി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു ഫ്രെഞ്ച് സ്ട്രീമറായ ജീൻ പോർമാനോവ്

Author : ന്യൂസ് ഡെസ്ക്

ലൈവ് സ്ട്രീമിങ്ങും അതിന്റെ വരുമാന സാധ്യതകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. യുട്യൂബ്യൂറും സ്ട്രീമറുമായ തൊപ്പി എന്ന് വിളിക്കുന്ന മുഹമ്മദ് നിഹാദിൻ്റെ ദിവസ വരുമാനത്തിലെ ചെറിയൊരു കണക്ക് പുറത്ത് വന്നതോടെയാണ് സോഷ്യൽ മീഡിയ ഈ ചർച്ചയിലേക്ക് കടന്നത്. ഇതിനൊപ്പം തന്നെ തൊപ്പിയുടെ പഴയ കോണ്ടൻ്റുകളെചൊല്ലിയുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ലൈവ് സ്ട്രീമിങ്ങിനിടെ തൊപ്പി ഉപയോഗിച്ച വാക്കുകളും ചില ആംഗ്യങ്ങളുമെല്ലാമാണ് വിമർശനത്തിന് കാരണമായത്. ലൈവിൽ കൂടുതൽ ആളുകൾ കയറാനും ശ്രദ്ധ പിടിച്ചുപറ്റാനുമാണ് സ്ട്രീമർമാർ ഇത്തരം 'കുസൃതികൾ' കാണിക്കുന്നത്. എന്നാൽ ഫ്രെഞ്ച് സ്ട്രീമറായ ജീൻ പോർമാനോവിൻ്റെ ലൈവ് അൽപം പരിധി വിട്ടതായിരുന്നു. ലൈവിൽ കാഴ്ചക്കാർ കയറാൻ ക്രൂര മർദനം വരെ സ്ട്രീം ചെയ്തിരുന്ന ഇയാൾ കൊല്ലപ്പെട്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലൈവ് സ്ട്രീമിങ്ങിൽ ആളുകൾ കയറാനായി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു ജീൻ പോർമാനോവ് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രെഞ്ച് സ്ട്രീമർ റാഫേൽ ഗ്രെവൻ. അതികഠിനവും പേടിപ്പെടുത്തുന്നതുമായ ചലഞ്ചുകളും ചെയ്തായിരുന്നു ഈ 46കാരൻ പ്രശസ്തി നേടിയത്. ഇത്തരത്തിൽ ഒരു ചലഞ്ചിനിടെയാണ് ജീനിൻ്റെ മരണം. പത്ത് ദിവസത്തെ ക്രൂരമായ ശാരീരിക പീഡനം, ഉറക്കക്കുറവ്, വിഷ ഉൽപ്പന്നങ്ങൾ ശരീരത്തിൽ കുത്തിവെയ്ക്കൽ എന്നിവയാണ് ജീനിനെ മരണത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാവില കോണ്ടെസിലെ വീട്ടിൽ പോർമാനോവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അപമാനങ്ങൾ മുതൽ അതിക്രൂരമായ അക്രമം വരെ നീളുന്നതായിരുന്നു ജീൻ പോർമാനോവിന്റെ കോണ്ടൻ്റുകൾ. ദുർബലരായ ആളുകളെ ആക്രമിച്ചതിന് കസ്റ്റഡിയിലായ സ്ട്രീമർമാരുമായി ആയിരുന്നു ജീനിൻ്റെ പേടിപ്പെടുത്തുന്ന ലൈവ് സ്ട്രീമിങ്. ഇവരെ വെച്ച് അതിക്രൂര ശാരീരിക പീഡനം സംപ്രേഷണം ചെയ്ത് 10 ദിവസത്തിന് ശേഷം ജീൻ പോർമാനോവിന്റെ ലൈവ് സ്ട്രീം പെട്ടെന്ന് നിലച്ചതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിഎംഎഫ്‌ടിവി റിപ്പോർട്ട് പറയുന്നു.

കിക്ക് എന്ന ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോകളിൽ അയാളെ ശ്വാസം മുട്ടിക്കുന്നതായും വായിലേക്ക് ഭക്ഷണം തള്ളിക്കയറ്റുന്നതായും, ഇയാളുടെ ദേഹത്തേക്ക് വലിയ വസ്തുക്കൾ വലിച്ചെറിയുന്നതായും കാണാം. ഇതിൻ്റെ ഞെട്ടിക്കുന്ന വീഡിയോകൾ ഇപ്പോൾ എക്സിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഇയാളെ ശ്വാസം മുട്ടിക്കുന്നതായി കാണാം. അത്രയധികം ഡാർക്ക് വെബിലേതെന്ന പോലെ അസ്വസ്ഥതയുളവാക്കുന്നതാണ് എക്സിൽ പ്രചരിക്കുന്ന ഈ വീഡിയോ.

"അതൊരു തമാശയല്ല. ആ ആളുകൾ അയാളെ കൊല്ലാൻ ശ്രമിക്കുകയാണ്," വീഡിയോ കണ്ട ഒരു ഉപയോക്തവ് കമൻ്റ് ചെയ്തു. ഇത് ഡാർക്ക് വെബിൽ അല്ല, മുഖ്യധാരാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് മറ്റൊരാൾ പറയുന്നു. "തികച്ചും ഭയാനകം" എന്നാണ് ജീനിൻ്റെ മരണത്തെ ഫ്രഞ്ച് ഗവൺമെന്റ് മന്ത്രി ക്ലാര ചാപ്പാസ് വിശേഷിപ്പിച്ചത്. മാസങ്ങളായി ഇയാൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജീനിൻ്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അടിയന്തിരമായി അവലോകനം ചെയ്യുകയാണെന്ന് കിക്കിൻ്റെ വക്താവ് ബിബിസിയോട് പറഞ്ഞു. "ജീൻ പോർമാനോവിന്റെ വിയോഗത്തിൽ ഞങ്ങൾ അഗാധമായ ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു," അവർ പറഞ്ഞു.

SCROLL FOR NEXT