കണ്ണൂർ: ധർമടത്ത് മത്സ്യവ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. 24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നഷ്ടപ്പെട്ടെന്ന് പരാതി. മത്സ്യവ്യാപരിയായ രത്നാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ധർമടം പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ധർമടത്തെ രത്നാകരന്റെ വീട്ടിൽ മോഷണം നടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ച 24 പവൻ സ്വർണവും 15,000 രൂപയും നഷ്ടമായെന്നാണ് കുടുംബത്തിന്റെ പരാതി. ഏഴ് സ്വർണവള, രണ്ട് ചെയിൻ, രണ്ട് കമ്മൽ, അഞ്ച് മോതിരം എന്നിവ മോഷണം പോയെന്ന് ധർമടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രവാസിയായ മകൻ അവധി കഴിഞ്ഞ് മടങ്ങിയ ദിവസമാകാം കവർച്ച നടന്നത് എന്നാണ് കുടുംബം സംശയിക്കുന്നത്. മകനെ യാത്രയാക്കുന്നതിനായി രാത്രി രത്നാകരനും ഭാര്യയും വീടിന് മുന്നിലെ റോഡിലേക്ക് ഇറങ്ങിയിരുന്നു. തൊട്ടടുത്തായതിനാൽ വാതിൽ പൂട്ടിയിരുന്നില്ല. ഈ സമയമാകാം മോഷണം നടന്നതെന്നാണ് കുടുംബം സംശയിക്കുന്നത്.
തലായ് ഹാർബറിൽ മത്സ്യസ്റ്റാൾ ഉടമയായ രത്നാകരനും ഭാര്യയുമാണ് വീട്ടിലുള്ളത്. മകനെ യാത്രയാക്കി തിരിച്ചെത്തിയ ഇരുവരും മുകളിലെ നിലയിലേക്ക് ഉറങ്ങാൻ പോയി. ഈ സമയത്താകാം കള്ളൻ വീട്ടിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.