പ്രതികളായ ഭവിൻ, അനീഷ  NEWS MALAYALAM24x7
CRIME

ഭവിന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി; വെളിപ്പെടുത്തലിനു പിന്നില്‍ കാമുകിയുമായുള്ള തര്‍ക്കം

പ്രാഥമിക അന്വേഷണത്തില്‍ ഭവിന്റെ കൈവശമുണ്ടായിരുന്നത് കുഞ്ഞുങ്ങളുടെ അസ്ഥി തന്നെയാണെന്നാണ് നിഗമനം

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് ഇരുപത്തിയാറുകാരനായ യുവാവ് എത്തിയത്. കയ്യില്‍ പിഞ്ചുകുഞ്ഞുങ്ങളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളുമുണ്ടായിരുന്നു. യുവാവ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് പൊലീസ് ആദ്യം പകച്ചു കാണണം, എന്നാല്‍, സമയം പാഴാക്കാതെ അന്വേഷണവും ആരംഭിച്ചു.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവാവ് സ്റ്റേഷനിലെത്തി പറഞ്ഞതെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകിയുമായി ചേര്‍ന്ന് തങ്ങളുടെ രണ്ട് നവജാത ശിശുക്കളെ കുഴിച്ചു മൂടിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചുവെച്ചുവെന്നും അതാണ് തന്റെ കൈവശമുള്ളതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍ (26) ആണ് പൊലീസ് സ്റ്റേഷനിലെത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷ (21) യേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അഞ്ച് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. 2020 മുതല്‍ ബന്ധമുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഇതിനിടയില്‍ 2021 ല്‍ അനീഷ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ശേഷം കുഞ്ഞിനെ ആരുമറിയാതെ അനീഷയുടെ വീട്ടില്‍ കൊണ്ടുവന്ന് രഹസ്യമായി കുഴിച്ചിട്ടു. 2024 ല്‍ അനീഷ രണ്ടാമതും പ്രസവിച്ചു. വീട്ടിലെ മുറിയിലായിരുന്നു രണ്ടാമത്തെ പ്രസവം. ഈ കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അനീഷ തന്നെയാണ് സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. ശേഷം ഇരുവരും ചേര്‍ന്ന് കുഴിച്ചിട്ടു.

ആദ്യ കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ മരിച്ചതായാണ് അനീഷ മൊഴി നല്‍കിയത്. മൃതദേഹം മറ്റാരും കാണാതെ അനീഷ സ്വന്തം വീട്ടില്‍ മറവ് ചെയ്തു. മൃതദേഹം അഴുകിയതോടെ ഭവിന്റെ നിര്‍ദേശപ്രകാരം അസ്ഥികള്‍ വീട്ടില്‍ എത്തിച്ചു നല്‍കി. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ഉടനെ കൊലപ്പെടുത്തി സ്വന്തം സ്‌കൂട്ടറില്‍ മൃതദേഹം ഭവിന്റെ വീട്ടിലെത്തിച്ചു. ഇരു മൃതദേഹങ്ങളില്‍ നിന്നും അസ്ഥികള്‍ എടുത്ത് സൂക്ഷിച്ചത് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ അന്ത്യകര്‍മം ചെയ്യാനാണ് അസ്ഥി സൂക്ഷിച്ചതെന്നാണ് ഭവിന്‍ അനീഷയെ വിശ്വസിപ്പിച്ചത്.

കുഞ്ഞുങ്ങളുടെ അസ്ഥികള്‍ ഭവിന്‍ സൂക്ഷിച്ചുവെച്ചു. അനീഷയുമായുള്ള ബന്ധം പിരിയേണ്ടിവന്നാല്‍ അസ്ഥികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ കരുതിയിരുന്നതായും ഭവിന്‍ പൊലീസിനോട് പറഞ്ഞു.

അടുത്തിടെ ഭവിനുമായി അനീഷ അകന്നതാണ് വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവുമായി അകലാന്‍ ശ്രമിച്ചിരുന്നതായി അനീഷയും പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച ഭവിന്‍ ഫോണ്‍ ചെയ്തപ്പോള്‍ അനീഷ മറ്റൊരു കോളിലായിരുന്നു. രണ്ടു പേരും ഒരു ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, അനീഷ രഹസ്യമായി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇക്കാര്യം ഭവിന്‍ അറിയുന്നത് ഈ വര്‍ഷമാണ്. തന്നെ ഒഴിവാക്കിയാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പൊലീസിനു മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഭവിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഭവിന്റെ കൈവശമുണ്ടായിരുന്നത് കുഞ്ഞുങ്ങളുടെ അസ്ഥി തന്നെയാണെന്നാണ് നിഗമനം. വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തണം. ഇതിനായി ഫോറന്‍സിക് സര്‍ജന്‍ സ്‌റ്റേഷനിലെത്തി പരിശോധന നടത്തി. ഫോറന്‍സിക് പരിശോധനകളും ശാസ്ത്രീയ തെളിവെടുപ്പും അന്വേഷണത്തിന്റെ ഭാഗമായി വേഗത്തിലാരപ്പിക്കാന്‍ പോലീസ് നീക്കം. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലാണ് അസ്ഥി പരിശോധന നടക്കുക. ചാലക്കുടി ഡിവിഎസ്പി ബിജുകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

SCROLL FOR NEXT