CRIME

ഭൂമി ഇടപാടിൽ ആർഎസ്എസിന് പങ്കെന്ന് സിപിഐഎം; തിരുവനന്തപുരം കൂടത്തിൽ വീട്ടിലെ ദുരൂഹ മരണങ്ങൾ വീണ്ടും ചർച്ചയാകുന്നു

കോടികളുടെ സ്വത്തുക്കൾ കൈവശമുണ്ടായിരുന്ന കൂടത്തിൽ വീട്ടിലെ 7 അനന്തരാവകാശികളാണ് വിവിധ ഘട്ടങ്ങളിൽ ദുരൂഹമായി മരണപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൂടത്തിൽ വീട്ടിലെ ദുരൂഹ മരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. മരണങ്ങൾക്ക് പിന്നാലെ ഉണ്ടായ ഭൂമി ഇടപാടുകളിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് സിപിഐഎം ആരോപിച്ചിരിക്കുകയാണ്. കോടികളുടെ സ്വത്തുക്കൾ കൈവശമുണ്ടായിരുന്ന കൂടത്തിൽ വീട്ടിലെ 7 അനന്തരാവകാശികളാണ് വിവിധ ഘട്ടങ്ങളിൽ ദുരൂഹമായി മരണപ്പെട്ടത്.

15 വർഷത്തിനിടെ ഒരു വീട്ടിൽ ഏഴുമരണങ്ങൾ. എല്ലാം സ്വാഭാവിക മരണങ്ങളെന്ന് കരുതിയിരുന്നതാണ്. എന്നാൽ ഏഴാമത്തെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ എല്ലാകാര്യങ്ങളും സംശയത്തിന്റെ നിഴലിലായി.

കൂടത്തായി ജോളി പ്രതിയായ കൊലപാതക പരമ്പരയ്ക്ക് പിന്നാലെ തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ കൂട്ട മരണങ്ങളുടെ വാർത്ത കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടു. കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴുപേരാണ് പതിനഞ്ചു വര്‍ഷത്തിനിടെ മരിച്ചത്.

ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠന്മാരായ നാരായണ പിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ഉണ്ണിക്കൃഷ്ണൻ നായർ,​ ജയമാധവൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ മരിച്ചത്.

ജയമാധവന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ച് വിപുലമായ അന്വേഷണം തുടങ്ങി. തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ നീക്കമാണോ കൂട്ട മരണങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷിക്കുന്നത്. അതിനിടയിലാണ് ദുരൂഹമരണങ്ങൾക്ക് ശേഷമുണ്ടായ ഭൂമിക്കച്ചവടങ്ങളിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് സിപിഐഎം ആരോപിക്കുന്നത്.

കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർഎസ്എസ് ജില്ലാ കാര്യാലയത്തിന്റെ പേരിൽ വാങ്ങിയെന്നും 70 സെന്റോളം ഭൂമി ആർഎസ്എസ് അധീനതയിലാക്കിയെന്നും സിപിഐഎം ആരോപിച്ചു. ചില രേഖകളും പുറത്തുവിട്ടു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു. കൂടുതൽ തെളിവുകൾ തങ്ങളുടെ കൈയിലുണ്ടെന്നും തിരുവനന്തപുരത്തെ CPIMജില്ലാനേതൃത്വം അവകാശപ്പെടുന്നുണ്ട്.

SCROLL FOR NEXT