കോട്ടയം: ഏറ്റുമാനൂരിൽ കാണാതായ ജയ്നമ്മ കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ പങ്ക് അന്വേഷിക്കുകയാണ്. ജയ്നമ്മ കൊല്ലപ്പെട്ടതിന് തെളിവ് ലഭിച്ചെന്നും പൊലീസ് അറിയിച്ചു.
2024 ഡിസംബർ 28നാണ് ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ കാണാനില്ലെന്ന പരാതി വന്നത്. കോട്ടമുറി കാക്കനാട്ട്കാലയിലെ വീട്ടിൽ ഭർത്താവ് അപ്പച്ചനൊപ്പമായിരുന്നു ജയ്നമ്മയുടെ താമസം. സ്ഥിരമായി ധ്യാന കേന്ദ്രങ്ങളിൽ പോകുന്നതിനാൽ കാണാതായി നാല് ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയ്നമ്മ ചേർത്തല പള്ളിപ്പുറം ഭാഗത്ത് എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ മാസം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജയ്നമ്മയുടെ ഫോണും സെബാസ്റ്റ്യന്റെ കയ്യില്‍ നിന്നും കണ്ടെത്തി. ഈരാറ്റുപേട്ടയിലെ കടയിൽ വെച്ച് ഫോൺ ചാർജ് ചെയ്യാനായി ഇയാള്‍ ഓൺ ചെയ്തിരുന്നു. ഇതിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ സെബാസ്റ്റ്യന്റെ വീട്ടിനകത്തെ ഹാളിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. പുതുതായി പണിത ഗ്രാനൈറ്റും ദുരൂഹത ഉയർത്തി.
അതേസമയം, സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടം 2012ൽ കാണാതായ ചേർത്തല സ്വദേശി ഐഷയുടേതാണെന്നാണ് സൂചന. കത്തിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൾക്കൊപ്പം ലഭിച്ച കൃത്രിമ പല്ല് ഐഷയുടേതിന് സമാനമാണെന്ന കണ്ടെത്തലിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്.
വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ബിന്ദു പത്മനാഭൻ തിരോധനക്കേസിലെ ഒന്നാം പ്രതിയാണ് സെബാസ്റ്റ്യന്‍. ചോദ്യം ചെയ്യലില്‍ ഈ കേസിലും നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്.