നിർധന കുടുംബത്തിൽ നിന്നുള്ള അവിവാഹിതരായ യുവതികളെ കണ്ടെത്തും. സർക്കാർ ജോലിക്കാരനെന്ന് സ്വയം പരിചയപ്പെടുത്തി യുവതികളുമായി സംസാരിച്ച് അടുപ്പത്തിലാകും. ഏതെങ്കിലും വിദൂര നഗരത്തിൽ അവരെ എത്തിച്ച് ശാരീരിക ബന്ധത്തിേലർപ്പെടും. ശേഷം സയനൈഡ് നൽകി കൊല്ലും. കർണാടകയിലെ ഒരു സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കണക്ക് പഠിപ്പിച്ച് കൊടുത്തിരുന്ന ഒരു അധ്യാപകൻ, മോഹൻ കുമാർ. അയാൾ പിൽക്കാലത്ത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സൈക്കോ കില്ലർ സയനൈഡ് മോഹൻ ആയി തീർന്ന കഥ ഇങ്ങനെയാണ്...
1963 ഏപ്രിൽ ആറിനാണ് കർണാടകയിലെ കന്യാനയിൽ മലൈപ്പ മൊഗേറയുടെയും ടുക്രുവുൻ്റെയും മകനായി മോഹൻ കുമാറിൻ്റെ ജനനം. ഇവരുടെ നാല് മക്കളിൽ ഏറ്റവും മിടുക്കൻ. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും എല്ലാം മുന്നിൽ. മോഹൻ സ്കൂളിൽ പഠിക്കുമ്പോഴാണ് അവൻ്റെ അച്ഛൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ച് പോകുന്നത്. അത് ആ കുടുംബത്തെ ഒന്നടങ്കം ഉലച്ച് കളഞ്ഞു. എന്നാൽ, മോഹന് കുട്ടിക്കാലം തൊട്ട് തന്നെ അമ്മയോടായിരുന്നു കൂടുതൽ അടുപ്പം.
ബിരുദ പഠനത്തിന് ശേഷം 1984ൽ പ്രദേശത്തെ ശിരാദി പ്രൈമറി സ്കൂളിൽ മോഹൻ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ശേഷം വിവാഹിതനായി. ആദ്യം വിവാഹം ചെയ്തത് തൻ്റെ വിദ്യാർഥിനിയായ മേരി എന്ന പെൺകുട്ടിയെ ആയിരുന്നു. മേരി എട്ടാം ക്ലാസ് വിദ്യാർഥിനി ആയിരിക്കെയാണ് മോഹൻ അവളെ ആദ്യമായി കാണുന്നത്. അവൾക്ക് പതിനെട്ട് വയസ് തികയുന്നത് വരെ കാത്തിരുന്ന് മോഹൻ അവളെ വിവാഹം ചെയ്തു. എന്നാൽ, വൈകാതെ മേരിയുമായി വിവാഹമോചിതനായി. പിന്നീട്, മഞ്ജുള, ശ്രീദേവി എന്നിവരെയും മോഹൻ വിവാഹം ചെയ്തു. ഒരു വിവാഹം അയാൾ അതിവിദഗ്ദമായി മറ്റൊന്നിൽ നിന്ന് മറച്ചുവച്ചു. ഇരുവരിലും ഒന്നിലേറെ കുട്ടികളുണ്ടായി. അതിന് ശേഷവും കൂടുതൽ സ്ത്രീകളുമായി ബന്ധപ്പെടാൻ മോഹൻ ആഗ്രഹിച്ചു.
പിന്നീടാണ് രത്ന എന്ന യുവതിയെ മോഹൻ പരിചയപ്പെടുന്നത്. ഭാര്യമാരുള്ള കാര്യം രത്നയിൽ നിന്ന് മറച്ചുവച്ച് അവളുമായി അടുപ്പത്തിലായി. ശാരീരിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ, വിവാഹം ചെയ്യണമെന്ന രത്നയുടെ നിരന്തര ആവശ്യം അയാളെ വലിയ രീതിയിൽ അസ്വസ്ഥനാക്കി. ആദ്യമായി ഒരു കൊലപാതകം ചെയ്യാൻ മോഹൻ തീരുമാനമെടുത്തു. ഒരു വിദൂര നഗരത്തിൽ അവളെ എത്തിച്ച് നദിയിലേക്ക് തള്ളിയിട്ട് കൊല്ലാനായിരുന്നു ശ്രമം. എന്നാൽ, അതിൽ നിന്നും രക്ഷപ്പെട്ട രത്ന ആശുപത്രിക്കിടക്കയിൽ നിന്ന് പൊലീസിന് മോഹനെതിരെ മൊഴി നൽകി. പൊലീസ് അയാളെ പിടികൂടി, ജയിലിലായി.
ആ ജയിൽവാസക്കാലമായിരുന്നു മോഹൻ്റെ ജീവിതത്തിലെ വഴിത്തിരിവ്. സഹതടവുകാരനായ തട്ടാനിൽ നിന്നാണ് സയനൈഡ് എന്ന ഉഗ്രവിഷാംശമുള്ള രാസവസ്തുവിനെ കുറിച്ച് മോഹൻ കൂടുതലായി അറിയുന്നത്. അയാൾ പുഴയിലേക്കെറിഞ്ഞ സ്വർണപ്പണിയിലെ മാലിന്യങ്ങൾ കാരണം ജീവജാലങ്ങൾ ചത്തൊടുങ്ങിയെന്ന കുറ്റത്തിനായിരുന്നു അയാൾ ജയിലിലെത്തിയത്. എന്നാൽ, സയനൈഡ് പോയിസണിങ്ങിനെ കുറിച്ച് വളരെ ശ്രദ്ധയോടെ മോഹൻ കേട്ടു. സയനൈഡ് എങ്ങനെ, എന്ത് പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാമെന്ന് അയാൾ ചോദിച്ച് മനസിലാക്കി. കേസിൽ മതിയായ തെളിവുകളില്ലെന്ന കാരണത്താൽ ജയിൽ മോചിതനായ ശേഷം ഈ അറിവിൻ്റെ പിൻബലത്തിൽ മോഹൻ ആസൂത്രണം ചെയ്തത് കൊലപാതക പരമ്പരകളായിരുന്നു...
നിർധന കുടുംബത്തിൽ നിന്നുള്ള അവിവാഹിതരായ യുവതികളായിരുന്നു മോഹൻ്റെ ഇരകളിൽ ഭൂരിഭാഗവും. സർക്കാർ ജോലിക്കാരനെന്നും യുവതിയുടെ അതേ ജാതിയിൽ പെട്ട ആളെന്നും സ്വയം പരിചയപ്പെടുത്തി അവരുമായി സംസാരിച്ച് അടുപ്പത്തിലാകും. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കും. ഏതെങ്കിലും വിദൂര നഗരത്തിൽ എത്താനും ഏതെങ്കിലും ക്ഷേത്രത്തിലോ രജിസ്റ്റർ ഓഫീസിലോ വെച്ച് വിവാഹിതരാകാമെന്നും അറിയിക്കും. വിവാഹത്തിന് ഉടുക്കാൻ പുടവയും വീട്ടിലെ സ്വർണാഭരണങ്ങളും പണവുമെല്ലാം കയ്യിൽ കരുതണമെന്ന് ആവശ്യപ്പെടും. തനിക്ക് യാതൊരു സ്ത്രീധനവും ആവശ്യമില്ലെന്ന് യുവതികളോട് പറയും. ആളുകളെ പറഞ്ഞ് വശത്താത്താൻ ഒരു പ്രത്യേക കഴിവായിരുന്നു അയാൾക്ക്. എന്നാൽ, യുവതികളുടെ കുടുംബങ്ങളുമായി യാതൊരു വിധ ബന്ധവും പുലർത്താതിരിക്കാൻ അയാൾ ശ്രദ്ധിച്ചു...
മോഹനെ വിശ്വസിച്ച് അയാളോടൊപ്പമുള്ള നല്ലൊരു ജീവിതം സ്വപ്നം കണ്ട് യുവതികളെത്തും. മൈസൂരു, ബെംഗളൂരു, ഹസൻ, മഡിക്കേരി എന്നിങ്ങനെയായിരുന്നു മോഹൻ യുവതികളെ എത്തിച്ചിരുന്ന സ്ഥലങ്ങൾ. ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ലോഡ്ജിൽ അയാൾ മുറിയെടുക്കും. അവിടെ താമസിച്ച് പല തവണ ശാരീരിക ബന്ധത്തിലേർപ്പെടും. ആർത്തവസമയം ചോദിച്ച് മനസിലാക്കിയായിരുന്നു അയാൾ ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നത്. അടുത്ത ദിവസം വിവാഹത്തിനു അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറാകണമെന്ന് യുവതികളോട് അയാൾ ആവശ്യപ്പെടും. വിവാഹത്തിന് കരുതിയ പുടവയണിഞ്ഞ് എത്തുന്ന അവരോട് ആഭരണങ്ങളെല്ലാം മുറിയിൽ തന്നെ വച്ചാൽ മതിയെന്നും പുറത്ത് കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും അയാൾ പറയും. ശേഷം ഇരുവരും ക്ഷേത്രത്തിലേക്ക് പുറപ്പെടും. പുറത്തിറങ്ങിയാൽ, ഗർഭധാരണത്തിന് സാധ്യതയുണ്ടെന്നും ഇപ്പോൾ തന്നെ കുഞ്ഞുങ്ങൾ വേണ്ടെന്നും പറഞ്ഞ് അയാൾ കയ്യിൽ കരുതിയ സയനൈഡ് അടങ്ങിയ ഗുളികയെടുത്ത് യുവതിക്ക് നേരെ നീട്ടും. ഗർഭനിരോധന ഗുളികയാണ്, ഇത് കഴിച്ചാൽ എന്തെങ്കിലും തരത്തിൽ ശാരീരിക അസ്വസ്ഥതകളുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ പോയി കഴിച്ചാൽ മതിയെന്ന് പറഞ്ഞ് അവരെ ശുചിമുറിയിലേക്ക് പറഞ്ഞുവിടും. ശുചിമുറിയിലെത്തി ഇത് കഴിക്കുന്ന യുവതികൾ പാടെ തളരും. സയനൈഡ് ഉള്ളിൽ ചെല്ലുന്നതോടെ നെഞ്ച് പിളർക്കുന്ന വേദന അനുഭവപ്പെടും. ഏതാനും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. അവർ മരിച്ചെന്ന് മനസിലാക്കി ലോഡ്ജ് മുറിയിലെത്തുന്ന മോഹൻ സ്വർണാഭരണങ്ങളുമായി കടന്നുകളയും.
ഓരോ കൊലപാതകത്തിന് ശേഷവും അടുത്ത ഇരയെ കണ്ടെത്താൻ മോഹൻ എടുത്തിരുന്നത് ചെറിയ ഇടവേളകൾ മാത്രമായിരുന്നു. എന്നാൽ, ഇടയ്ക്കിടെ ദേർലകട്ടയിൽ സ്വന്തം വീടുകളിലെത്തി ഭാര്യമാരെ കാണുന്നതിൽ മോഹൻ വീഴ്ച വരുത്തിയില്ല... സംസ്ഥാനത്ത് പലയിടത്തായി യുവതികളുടെ തിരോധാന വാർത്തകൾ കൂടി വന്നു. എന്നാൽ വര്ഷങ്ങളോളം മോഹനെ കുറിച്ച് ആർക്കും സംശയമൊന്നും തോന്നുയതേയില്ല.
2009ൽ അനിത മൂല്യ എന്ന യുവതിയെ കാണാതായതിലുള്ള അന്വേഷണമാണ് പൊലീസിനെ മോഹനിലേക്കെത്തിച്ചത്. അനിതയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്ന ഒരാളുടെ നമ്പർ പൊലീസ് കണ്ടെടുത്തു. അത് കാവേരി എന്ന യുവതിയുടെ നമ്പറെന്ന് സൈബർ പൊലീസിൻ്റെ സഹായത്തിൽ പൊലീസ് കണ്ടെത്തി. എന്നാൽ, കാവേരിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസിനെ കൂടുതൽ കുഴപ്പങ്ങളിലേക്ക് കൊണ്ടെത്തിച്ചു. കാവേരി തിരോധാനത്തിലേക്കും പുഷ്പ തിരോധാനത്തിേലക്കും അന്വേഷണം ചെന്നെത്തി. ഈ തിരോധാനങ്ങൾക്കെല്ലാം പിന്നിൽ ആരോ ബുദ്ധിപൂർവം ഒളിപ്പിച്ച കെണിയുണ്ടെന്ന സത്യം പൊലീസ് മനസിലാക്കി. എന്നാൽ, പുഷ്പയുടെ ഫോണിലേക്ക് വന്ന കോളുകളുടെ ഉറവിടം എത്തിനിന്നത് ഒരു 14കാരനിലായിരുന്നു. ഇത് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ആ പയ്യൻ, തൻ്റെ അമ്മാവനും അധ്യാപകനുമായ മോഹനാണ് കുറച്ച് കാലം ഉപയോഗിക്കാനായി ഫോൺ തന്നതെന്ന് വെളിപ്പെടുത്തി.
ഒടുവിൽ മോഹനിലേക്ക് എത്തിയ പൊലീസ് അയാളിൽ നിന്നറിഞ്ഞത് മനസ് മരവിപ്പിക്കുന്ന ക്രൂരതയെ കുറിച്ചുള്ള സത്യങ്ങളായിരുന്നു. 2004 മുതൽ 2009 വരെ 19ലേറെ യുവതികളെ സയനൈഡ് പോയിസണിങ്ങിലൂടെ മോഹൻ കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇരകളുടെ സ്വർണാഭരണങ്ങൾ കവർന്നു. ഓരോ ഇരയുടെയും മൊബൈൽ ഫോൺ കൈക്കലാക്കിയാണ് അടുത്ത ഇരയുമായി ഫോണിൽ ബന്ധപ്പെട്ടത് എന്ന് തുടങ്ങിയ വിവരങ്ങൾ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. രാജ്യമെമ്പാടും ഭീതിയോടെ മോഹൻ കുമാർ എന്ന അധ്യാപകനെ സയനൈഡ് മോഹൻ എന്ന് വിളിച്ചു...
യുവതികളെ പ്രണയമെന്ന് വിശ്വസിപ്പിച്ച് ഒടുവിൽ ഭയാനകമായ മരണം സമ്മാനിച്ചുകൊണ്ടിരുന്ന ഒരു കൊലയാളി. അയാളിലെ കൊലയാളിക്ക് എന്തെങ്കിലും മുൻവൈരാഗ്യമോ, കൊല്ലാൻ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമോ ഒന്നും ഉണ്ടായിരുന്നില്ല. അയാളൊരിക്കലും തൻ്റെ ചെയ്തികളിൽ പശ്ചാത്തപിച്ചില്ല. ഇരകളെ കണ്ടെത്തുന്നതും കൊല്ലുന്നതും അയാൾക്കൊരു ഹരമായിരുന്നു...