Source: X
CRIME

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളെ കെണിയിലാക്കി ഡൽഹി ക്രൈം ബ്രാഞ്ച്; പിടിയിലായത് നൈജീരിയൻ പൗരൻമാർ

ഡൽഹിയിലുള്ള ഒരു ആഫ്രിക്കൻ സ്വദേശിയായ സ്ത്രീയാണ് ഇരുവർക്കും രാജ്യത്തിന് പുറത്തുനിന്ന് ലഹരി എത്തിച്ചു നൽകിയിരുന്നതെന്നും സൂചന

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മയക്കുമരുന്ന സംഘത്തിലെ രണ്ട് പ്രധാനികൾ ഡൽഹി ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നസംഘത്തിലെ പ്രധാനികളെയാണ് പിടികൂടിയത്. ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ച് നടത്തിയ തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിലാണ് രണ്ട് നൈജീരിയൻ പൗരന്മാരെ ഡൽഹി ക്രൈം ബ്രാഞ്ച് കെണിയിലാക്കിയത്.

ഫ്രാങ്ക് വിക്ടസ്, ഒട്ടു എന്നിവരാണ് ഡൽഹി ക്രൈംബ്രാഞ്ചിന്റെ വലയിലായത്. പിടിയിലായ നൈജീരിയൻ പൗരൻമാർ അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമാണ്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അഞ്ചുകോടി രൂപ വിലമതിക്കുന്ന കൊക്കെയ്നും എംഡിഎംഎയും മാരക രാസലഹരികളും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

സ്പെഷ്യൽ ഓപ്പറേഷനിൽ 500ഗ്രാമോളം കൊക്കെയ്നും 925 എക്സറ്റസി(ecstasy) ഗുളികകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. നിരവധി സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിന്റെ അവസാനമാണ് ഇവരെ പിടിക്കാൻ ക്രൈംബ്രാഞ്ചിനായത്. പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘാംഗങ്ങളെ കുറിച്ച്, 2025 ഡിസംബർ രണ്ടിന് ഡൽഹി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ ഐഡന്റിറ്റിയോ ഇവരെവിടെയാണെന്നോ ഉള്ള ഒരു വിവരവും ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നില്ല. അന്നുമുതൽ തുടങ്ങിയ പ്രത്യേക ഓപ്പറേഷനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

രണ്ടുപേരെയും രണ്ട് സ്ഥലങ്ങളിൽ നിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു ആഫ്രിക്കൻ സ്വദേശിയായ സ്ത്രീയാണ് ഇരുവർക്കും രാജ്യത്തിന് പുറത്തുനിന്ന് ലഹരി എത്തിച്ചു നൽകിയിരുന്നതെന്നും പണമിടപാടുകൾ നടത്തിയിരുന്നതെന്നും പൊലീസിന് സൂചന ലഭിച്ചു.

വസ്ത്രവ്യാപാരത്തിനെന്ന വ്യാജേന ബിസിനസ് വിസയിലാണ് ഫ്രാങ്കോയും ഒട്ടുവും ഇന്ത്യയിലെത്തിയത്. ഇവരുടെ നേതാവ് പല രാജ്യങ്ങളിലേക്കും ലഹരി കയറ്റി അയക്കുന്ന മയുക്കുമരുന്ന് സിൻഡിക്കേറ്റിന്റെ തലവനാണെന്നും അയാളിലേക്ക് എത്താനുള്ള അന്വേഷണങ്ങളിലേക്ക് ഡൽഹി ക്രൈംബ്രാഞ്ച് കടന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

SCROLL FOR NEXT