തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേരുടെ നേരെ കാർ ഇടിച്ചുകയറ്റി ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഡിഎംകെ നേതാവിൻ്റെ മകൻ അറസ്റ്റിൽ. മുഖ്യപ്രതി 20കാരനായ ആദിത്യ, സംഭവസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ റിഥിക് കുമാർ, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.
കൃഷ്ണഗിരി ജില്ലയിലെ താമസക്കാരനായ അസിസ്റ്റന്റ് ലേബർ ഇൻസ്പെക്ടർ ശിവമൂർത്തിയാണ് കൊല്ലപ്പെട്ടത്. ശിവമൂർത്തിയുടെ വീടിന് മുന്നിൽ വച്ചായിരുന്നു സംഭവം. ആദിത്യയും സംഘവും കാറുമായി വരുന്ന വഴിയിൽ ശിവമൂർത്തിയുടെ വീടിന് മുന്നിൽ അവരുടെ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. ഇത് മൂലം കാറിന് കടന്നു പോകാൻ പറ്റാത്തതിനാൽ ആദിത്യയും സംഘവും വീടിന് മുന്നിൽ നിന്നും ഹോണടിച്ചു. തുടർന്ന് ശിവമൂർത്തിയും കുടുംബാംഗങ്ങളും ഇരുചക്ര വാഹനം നീക്കം ചെയ്യാൻ പുറത്തിറങ്ങി. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും ആദിത്യ കുടുംബത്തിന് മേലേക്ക് കാർ ഇടിച്ചുകയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശിവമൂർത്തി മരിക്കുകയും പേരക്കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് പ്രതികൾക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. "ഞങ്ങളുടെ ഇരുചക്ര വാഹനം വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്നു. അവർ വന്ന് ഹോൺ മുഴക്കി. ഞങ്ങൾ വാഹനം മാറ്റാൻ ശ്രമിക്കുന്നതിനിടെ, അവർ ഇരുചക്ര വാഹനം ഇടിച്ചു കേടുവരുത്തി. ഞാനും അയൽക്കാരും അവരുടെ പെരുമാറ്റം ചോദ്യം ചെയ്തതോടെ അവർ ഒരു വടികളുമായി വന്ന് ഞങ്ങളെ മർദിക്കാൻ ശ്രമിച്ചു. എൻ്റെ അച്ഛൻ അവരോട് വളരെ ക്ഷമയോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരിൽ ഒരാൾ ഞങ്ങളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറ്റി. ഇടിയുടെ ആഘാതത്തിൽ അച്ഛൻ മരിക്കുകയായിരുന്നു" മരിച്ച ശിവമൂർത്തിയുടെ മകൻ കിരുബരൻ സംഭവത്തെ വിശദീകരിച്ചു.
പ്രതിയായ ആദിത്യയുടെ പിതാവ് കൃഷ്ണഗിരി ജില്ലയിലെ ഒരു ഡിഎംകെ നേതാവാണ്. ഇരയുടെ കുടുംബം കർശന നടപടി ആവശ്യപ്പെട്ടിട്ടുള്ളതായും തങ്ങൾ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും പൊലീസ് വ്യക്തമാക്കി.