മർദനമേറ്റ നാഗലക്ഷ്മിയുടെ കുടുംബം Source: News Malayalam 24x7
CRIME

തിരുവോണ നാളിൽ ക്രൂരത; കൊല്ലത്ത് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം; കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു

സ്ത്രീകളടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തിരുവോണ നാളിൽ ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം. ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. സ്ത്രീകളടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

തിരുവോണ നാളിലാണ് അതിക്രൂര ആക്രമണം ഉണ്ടായത്. ഓണമായതിനാൽ തന്നെ നാഗലക്ഷ്മിയുടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രണ്ടുപേർ യാതൊരു പ്രകോപനവും കൂടാതെ ഇവരെ അസഭ്യം പറഞ്ഞു. കുടുംബാംഗങ്ങളിലൊരാൾ ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

സ്ത്രീകളുൾപ്പെടെ 25 പേരടങ്ങിയ സംഘം വീട്ടിലേക്ക് കയറി വന്ന് കുട്ടികളെയടക്കം മർദിക്കുകയായിരുന്നു. കുഞ്ഞുങ്ങൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ നാഗലക്ഷ്മിയുടെ കൈവിരൽ ഒടിഞ്ഞിട്ടുണ്ട്. കുടുംബത്തിൻ്റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു.

നാഗലക്ഷ്മിയുടെ ബന്ധു സുരേഷിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്തം ഛർദിച്ചതിന് പിന്നാലെ ചവറ ശങ്കരമംഗലം ആശുപത്രിയിലെത്തിച്ച ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയിലേക്കും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

സംഭവത്തിൽ നാഗലക്ഷ്മി ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടാലറിയുന്ന 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ എട്ടുപേരെ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളിൽ ഒരാൾ പൊലീസ് റാങ്ക് ലിസ്റ്റിലുണ്ടെന്നും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT