CRIME

വീടിനുള്ളില്‍ ഒതുങ്ങിക്കൂടിയ പ്രകൃതം; എഡിസണെ കുടുക്കിയത് 280 LSD സ്റ്റാമ്പുകള്‍

ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കും മുമ്പു തന്നെ എഡിസണ്‍ ലഹരി കച്ചവടം തുടങ്ങിയിരുന്നു. നേരിട്ട് ആവശ്യക്കാര്‍ക്ക് ലഹരി എത്തിക്കുന്നത് ആയിരുന്നു രീതി

Author : ന്യൂസ് ഡെസ്ക്

ഡാര്‍ക്ക് വെബ് ലഹരി കച്ചവടത്തില്‍ പിടിയിലായ എഡിസനും കൂട്ടാളികളേയും കുടുക്കിയത് 280 LSD സ്റ്റാമ്പുകള്‍. ഈ സ്റ്റാമ്പുകള്‍ വില്പന നടത്താന്‍ ശ്രമിക്കുമ്പോഴാണ് എഡിസണ്‍ പിടിയിലായത്. എഡിസണും കൂട്ടാളികളും അന്തര്‍ദേശീയ ലഹരി കച്ചവടത്തിലെ കണ്ണികളാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

ഇടപാടിന് ഉപയോഗിച്ചിരുന്നത് വിവരം കണ്ടെത്താന്‍ പ്രയാസമുള്ള മോണേറോ ക്രിപ്‌റ്റോ കറന്‍സിയാണ്. കേരളത്തില്‍ വേരുറപ്പിച്ച് രാജ്യം മുഴുവന്‍ ലഹരി ശ്രംഖല സൃഷ്ടിക്കാന്‍ പ്രതികള്‍ ലക്ഷ്യം വച്ചതായും എന്‍സിബി പറയുന്നു.

കെറ്റാമെലോണിനെ കുറിച്ച് എന്‍സിബി സംഘത്തിന്റെ ചോദ്യത്തില്‍ എഡിസണ്‍ പകച്ചു പോയി. വീട്ടില്‍ വച്ചായിരുന്നു ഇയാളെ ചോദ്യം ചെയ്തത്. എഡിസണ്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ആളായിരുന്നു. ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ജോലി വിട്ട ശേഷം ആലുവയില്‍ റസ്റ്ററന്റ് ആരംഭിച്ചു. കോവിഡ് സമയത്ത് റസ്റ്റോറന്റ് പൂട്ടി.

ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കും മുമ്പു തന്നെ എഡിസണ്‍ ലഹരി കച്ചവടം തുടങ്ങിയിരുന്നു. നേരിട്ട് ആവശ്യക്കാര്‍ക്ക് ലഹരി എത്തിക്കുന്നത് ആയിരുന്നു രീതി. മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം. വീട്ടുകാര്‍ക്ക് ലഹരിക്കച്ചവടത്തെക്കുറിച്ച് അറിവില്ലായിരുന്നു. ഇടപാടിന് ഉപയോഗിച്ചിരുന്നത് വിവരം കണ്ടെത്താന്‍ പ്രയാസമുള്ള മോണേറോ ക്രിപ്‌റ്റോയാണ്.

ബ്രിട്ടനിലെ ഗുംഗ ഡീന്‍ ആയിരുന്നു എഡിസന് എല്‍എസ്ഡി അയച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇടപാടുകാരന്‍ സിയുസുമായി ബന്ധമുള്ള ആളാണ് ഡീന്‍. എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ ഇടപാടുകളെ കുറിച്ച് എഡിസണ്‍ തുറന്ന് സമ്മതിച്ചിരുന്നു. വീട്ടില്‍ ഒതുങ്ങി കൂടിയിരുന്നത് ലഹരി കച്ചവടത്തില്‍ ശ്രദ്ധിക്കാനും നാട്ടുകാര്‍ സംശയിക്കാതിരിക്കാനുമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ വേരുറപ്പിച്ച് രാജ്യം മുഴുവന്‍ പടര്‍ന്ന ലഹരി ശൃംഖല സൃഷ്ടിക്കുകയായിരുന്നു എഡിസന്റെ ലക്ഷ്യം. കേസില്‍ എഡിസന്റ കൂട്ടാളികളായ അരുണ്‍ തോമസ്, ഡിയോള്‍ എന്നിവരും പിടിയിലായിട്ടുണ്ട്. പിടിയിലായ മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു.

എഡിസന്റെ മുറിയില്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെടാന്‍ ഒരുക്കിയത് വലിയ വാര്‍ത്താവിനിമയ സംവിധാനങ്ങളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഇയാള്‍ ഇടപാടുകാര്‍ക്ക് മയക്കുമരുന്ന് അയച്ചു നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ചേലാട് നിന്നാണ് ഇയാള്‍ രണ്ടു പാഴ്‌സലുകള്‍ അയച്ചത്. എഡിസനെ കുറിച്ച് വിവരം ശേഖരിക്കാന്‍ എന്‍സിബി സംഘം മൂവാറ്റുപുഴയില്‍ രണ്ടുമാസം താമസിച്ചിരുന്നു.

SCROLL FOR NEXT