NEWS MALAYALAM 24X7 
CRIME

ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള ലഹരിക്കടത്ത് നിയന്ത്രിച്ചത് മൂവാറ്റുപുഴയിലെ വീട്ടില്‍; എഡിസണ്‍ അന്താരാഷ്ട്ര ലഹരി കടത്തിലെ മുഖ്യ കണ്ണി

ഇന്ത്യയിലെ ലെവല്‍ നാലിലുള്ള ഏക ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടുകാരന്‍ കൂടിയാണ് എഡിസണ്‍

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ എഡിസണ്‍ അന്താരാഷ്ട്ര ലഹരി കടത്തിലെ മുഖ്യ കണ്ണിയെന്ന് NCB. ഡോ. സിയൂസ് എന്ന പേരില്‍ അറിയപ്പെടുന്ന ലഹരികടത്ത് സംഘത്തിന്റെ ഇന്ത്യയിലെ മുഖ്യ ഇടപാടുകാരനായ എഡിസണ്‍ അപകടകാരിയെന്നാണ് NCB വിശേഷിപ്പിക്കുന്നത്.

എഡിസന്റെ അറസ്റ്റോടെ ഇന്ത്യയിലെ ഡാര്‍ക്ക് വെബ്ബ് വഴിയുള്ള ലഹരികടത്തിന്റെ ശൃംഖല തകര്‍ക്കാനായെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അവകാശപ്പെടുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ക്ക് വെബ്ബ് ഡ്രഗ് കാര്‍ട്ടലായ ഡോ. സിയൂസ് എന്ന ഡി എസിന്റെ ഇന്ത്യയിലെ മുഖ്യ കണ്ണിയായിരുന്നു എഡിസന്‍ എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിലെ ലെവല്‍ നാലിലുള്ള ഏക ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടുകാരന്‍ കൂടിയാണ് എഡിസണ്‍.

രാജ്യത്തെ ഒന്‍പതോളം സംസ്ഥാനങ്ങളിലെ ലഹരികടത്ത് ഏതാനും മാസങ്ങളായി എഡിസണ്‍ നിയന്ത്രിച്ചിരുന്നത് തന്റെ മൂവാറ്റുപുഴയിലെ വീട്ടിലിരുന്നായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു അതിന് മുന്‍പ് എഡിസന്റെ പ്രവര്‍ത്തനം.

കെറ്റാമെലോണ്‍ എന്ന ഡാര്‍ക്ക് വെബ്ബ് അക്കൗണ്ട് വഴിയായിരുന്നു എഡിസന്റെ പ്രവര്‍ത്തനം. 14 മാസത്തിനിടെ 600 തവണയിലധികം തവണ ലഹരി എത്തിച്ചതായും NCB കണ്ടെത്തി. ഡാര്‍ക്ക് വെബ് വഴി ലഹരി വാങ്ങിയിരുന്നവര്‍ക്ക് എഡിസണ്‍ ഡിസ്‌കൗണ്ടും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ഡിജിറ്റല്‍ രൂപത്തിലാണ് സൂക്ഷിച്ചിരുന്നത്. 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സി എഡിസന്റെ പക്കല്‍ നിന്ന് NCB കണ്ടെത്തിയിട്ടുണ്ട്. 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഓപറേഷന്‍ മെലോണ്‍ എന്ന പേരിലാണ് എഡിസണെ പിടികൂടാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. മാസങ്ങളായി എഡിസണ്‍ എന്‍സിബിയുടെ നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴയിലെ എഡിസന്റെ വീടിന് മുന്നില്‍ നിര്‍മിക്കുന്ന രണ്ട് നില കെട്ടിടം വാടകയ്ക്ക് ലഭിക്കുമോ എന്ന് അന്വേഷിച്ച് എന്‍സിബി സംഘം എഡിസണുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. എഡിസണ് പുറമെ 5 സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT