ലഖ്‌നൗ: ഉത്തർപ്രദേശ് മഹോബ ജില്ലയിൽ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെ പട്ടിണിക്കിട്ടുകൊന്നു. വീട്ടുജോലിക്കെത്തിയ ദമ്പതികളാണ് 70കാരനായ ഓംപ്രകാശ് സിംഗ് റാത്തോഡിനെ പട്ടിണിക്കിട്ട് കൊന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഇയാളുടെ മകളെ എല്ലും തോലുമായ രീതിയിലും കണ്ടെത്തി. വീട്ടുജോലിക്കെത്തിയ ദമ്പതികൾ ഓംപ്രകാശിനെയും മകളെയും അഞ്ച് വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചെന്നാണ് പരാതി.
റെയിൽവേ ഡിപാർട്മെൻ്റിലെ സീനിയർ ക്ലർക്കായിരുന്നു 70കാരനായ ഓംപ്രകാശ് സിംഗ് റാത്തോഡ്. 2016 ൽ ഭാര്യ മരിച്ചതോടെ മകൾ രശ്മിയോടൊപ്പം ഓംപ്രകാശ് താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ കുടുംബം കുശിനിപണിക്കും, പരിചരണത്തിനുമായി രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാംദേവിയെയും നിയമിച്ചു.
എന്നാൽ ചുരുങ്ങിയ കാലയളവിൽ വീടുമുഴുവൻ ദമ്പതികൾ കൈയടക്കി. ഓംപ്രകാശിനെയും മകളെയും താഴത്തെ നിലയിൽ താമസിപ്പിച്ച്, വീടിൻ്റെ മുകൾ ഭാഗം ഇവർ കയ്യടക്കുകയായിരുന്നെന്ന് ഓംപ്രകാശിൻ്റെ സഹോദരൻ അമർ സിങ് പറയുന്നു. ഇവർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുക എന്നതായിരുന്നു ദമ്പതികളുടെ ലക്ഷ്യം. "ബന്ധുക്കൾ കാണാൻ വരുമ്പോഴെല്ലാം, വേലക്കാർ ഒഴികഴിവുകൾ പറഞ്ഞ് അവരെ തിരിച്ചുപറഞ്ഞയച്ചു, ഓംപ്രകാശ് ആരെയും കാണാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പലപ്പോഴും അവർ പറഞ്ഞിരുന്നത്," അമർ പറഞ്ഞു.
ഓംപ്രകാശിന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾ കണ്ടത് ഒരു ഭയാനകമായ കാഴ്ചയായിരുന്നു. മെലിഞ്ഞുണങ്ങിയ നിലയിലായിരുന്നു ഓംപ്രകാശിന്റെ മൃതദേഹം. മകളെ ഒരു ഇരുണ്ട മുറിയിൽ നഗ്നയായി കണ്ടെത്തി. പട്ടിണി കിടന്ന രശ്മിയുടെ മൃതദേഹം കണ്ടപ്പോൾ, 80 വയസ്സുള്ള ഒരാളുടെ ശരീരം പോലെ തോന്നിയെന്ന് ബന്ധു പറയുന്നു. "അവളുടെ ശരീരത്തിൽ മാംസമൊന്നും അവശേഷിച്ചില്ല. ജീവനോടെ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അസ്ഥികൂടം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ," ബന്ധുവായ പുഷ്പ സിംഗ് റാത്തോഡ് പറഞ്ഞു.
ഒരുകാലത്ത് മാന്യമായ ജീവിതം നയിച്ചിരുന്ന, റെയിൽവേ ജീവനക്കാരന്റെ മരണം കണ്ട ഞെട്ടലിലാണ് ഓംപ്രകാശിന്റെ അയൽക്കാർ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.