കൊല്ലപ്പെട്ട സിജിൽ, പ്രീത  
CRIME

പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊന്നു; എറണാകുളത്ത് പങ്കാളിയെ യുവാവ് കുത്തിക്കൊന്നു

സിജിൽ 21 കേസുകളിൽ പ്രതിയാണ്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. കൊടുന്തരപ്പുള്ളി സ്വദേശി സിജില്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സിജിലിനെ അച്ഛന്‍ ശിവന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ശിവന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കൊടുന്തരപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. വൈകിട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കിയിരുന്നു. രാത്രി 8.30 ഓടെ ശിവനുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയിലാണ് ശിവന്‍ സിജിലിനെ ആക്രമിച്ചത്. കത്തി കൊണ്ട് മകനെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സിജിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍, എറണാകുളം പള്ളിപ്പുറത്ത് 45 കാരന്‍ പങ്കാളിയായ സ്ത്രീയെ കുത്തിക്കൊന്നു. പള്ളിപ്പുറം തൈപറമ്പില്‍ സുരേഷ് കുര്യനാണ് കൂടെ താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പ്രീതയെ റോഡില്‍ വെച്ച് സുരേഷ് ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ പിന്നാലെ എത്തിയ സുരേഷ് കുത്തിവീഴ്ത്തി. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രീത മരണപ്പെട്ടു.

ഇതിനു ശേഷം സുരേഷ് സ്വമേധയാ മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രീതയുടെ കഴുത്തിലടക്കം ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്.

SCROLL FOR NEXT