Image: X  
CRIME

ടെന്നീസ് അക്കാദമി നടത്തുന്നതിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിലും അതൃപ്തി; ടെന്നീസ് താരത്തെ പിതാവ് വെടിവെച്ചു കൊന്നതിനു പിന്നില്‍

മകള്‍ ടെന്നീസ് കരിയര്‍ തിരഞ്ഞെടുത്തതിലും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിലും പിതാവിന് എതിര്‍പ്പുണ്ടായിരുന്ന

Author : ന്യൂസ് ഡെസ്ക്

യുവ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ചു കൊന്നതിനു പിന്നില്‍ സോഷ്യല്‍ മീഡിയ ഉപയോഗവും കരിയര്‍ തിരഞ്ഞെടുപ്പുമെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11.30 ഓടെയാണ് രാധിക യാദവിനെ ഗുരുഗ്രാമിലെ വീട്ടിനുള്ളില്‍ വെച്ച് പിതാവ് വെടിവെച്ചു കൊന്നത്.

സംഭവത്തില്‍ രാധികയുടെ പിതാവ് ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദീപക്കിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാധിക താമസിക്കുന്ന ഫ്‌ളാറ്റിലെ താഴത്തെ നിലയിലാണ് പിതാവ് താമസിച്ചിരുന്നത്. മകള്‍ ടെന്നീസ് കരിയര്‍ തിരഞ്ഞെടുത്തതും ടെന്നീസ് അക്കാദമി നടത്തുന്നതിലും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിലും പിതാവിന് എതിര്‍പ്പുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ടെന്നീസ് അക്കാദമി അടച്ചു പൂട്ടാന്‍ ദീപക് രാധികയോട് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.

ഇന്നും രാധികയും ദീപക്കും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് തന്റെ തോക്കെടുത്ത് അഞ്ച് തവണ ദീപക് മകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മൂന്ന് ബുള്ളറ്റുകള്‍ രാധികയുടെ ദേഹത്ത് തുളച്ചു കയറി. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ ഡബിള്‍സ് റാങ്കിങ്ങില്‍ 113ാം റാങ്കുകാരിയാണ് രാധിക. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ടെന്നീസില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇരുപത്തിയഞ്ചുകാരി സ്വന്തമാക്കിയിരുന്നു.

SCROLL FOR NEXT