തമിഴ്‌നാട്: നാമക്കലിൽ മൂന്ന് പെൺമക്കളെ കൊന്ന് അച്ഛൻ ജീവനൊടുക്കി. നാമക്കൽ രസിപുരം സ്വദേശി ഗോവിന്ദരാജാണ് (36) മക്കളായ പ്രതീക്ഷ ശ്രീ (8), റിതിക ശ്രീ (5), ദേവശ്രീ (5) എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
പത്ത് വർഷം മുൻപ് വിവാഹിതരായ ഗോവിന്ദരാജിനും ഭാരതിക്കും നാല് മക്കളാണ് ഉണ്ടായിരുന്നത്. ഭാരതിയെയും മകൻ അനിശ്വരനെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു പെൺമക്കളെ കൊലപ്പെടുത്തിയത്. ശേഷം വിഷം കഴിച്ച് ഗോവിന്ദരാജും ജീവനൊടുക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട് പണിയാൻ ഗോവിന്ദരാജ് വലിയ വായ്പ എടുത്തിരുന്നു. കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും മാനസിക സമ്മർദത്തിലാകുകയും ആയിരുന്നു.
വിവരം ലഭിച്ചയുടൻ നാമക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.