ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ  Source: Sindhu krishna's Youtube channel
CRIME

ഒരു വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയത് 75 ലക്ഷം രൂപ; അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്

2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവിലാണ് ഇത്രയും തുക എത്തിയത്

Author : ന്യൂസ് ഡെസ്ക്

ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് യുവതികളുടെ അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ എത്തിയത് ലക്ഷക്കണക്കിന് രൂപയാണെന്നാണ് കണ്ടെത്തില്‍. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.

2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള ഒരു വര്‍ഷത്തില്‍ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പൊലീസ് മൂന്ന് പേരുടേയും മൊഴിയെടുക്കാനായി ഇവരുടെ വീടുകളില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ മൂന്ന് പേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഇതിനിടയില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് ക്യൂ ആര്‍ കോഡ് വഴി ലക്ഷങ്ങള്‍ എത്തിയത്. ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടു പേരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 60 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയുമാണ് എത്തിയത്.

സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിലെ ക്യുആര്‍ കോഡ് നല്‍കി മൂന്ന് വനിതാ ജീവനക്കാരികള്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കൃഷ്ണകുമാറും മകള്‍ ദിയയും പരാതി നല്‍കിയത്. പിന്നാലെയാണ് തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് കടയിലെ ജീവനക്കാര്‍ പരാതിയുമായി എത്തിയത്.

എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം. തട്ടികൊണ്ടു പോയതിന് നിലവില്‍ ഒരു തെളിവും കണ്ടത്താനായിട്ടില്ല. സംഭവ സംയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പോലീസ് നിഗമനം.

നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിന്‍വലിച്ച് ദിയയ്ക്ക് നല്‍കിയെന്നുമാണ് ജീവനക്കാരുടെ മൊഴി. എന്നാല്‍ പണം പിന്‍വലിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, സി.സി.ടി.വിയും, ഫോണും പരിശോധിച്ചാണ് അന്വേഷണം.

SCROLL FOR NEXT