CRIME

കൊല്ലത്ത് നടുറോഡിൽ അരുംകൊല; ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് അതുലിനെ വെട്ടിക്കൊന്നത്. തലക്കേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അതുലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. അതുലിന്റെ കാറിനെ ഇടിച്ച് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് വീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. ആരാണ് ആക്രമണത്തിന് പിന്നിലെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

2025 മാർച്ച് 27നാണ് കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ കൊലപ്പെടുത്തിയത്. മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന അലുവ അതുൽ പിന്നീട് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. തൃശൂരിൽ വച്ച് വാടകയ്ക്ക് വാഹനം എടുത്തതിന് ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് അതുൽ പിടിയിലായത്.

SCROLL FOR NEXT