പ്രതീകാത്മക ചിത്രം  Source: Facebook
CRIME

ജിം ട്രെയിനറുമായി പ്രണയം; ഭർത്താവിനെ കൊലപ്പെടുത്താൻ വീടിന്റെ വാതിൽ തുറന്നിട്ടു; കത്തിക്കുത്തിൽ ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു; യുവതിയും കാമുകനും പിടിയിൽ

ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദ് ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വസുന്ധര സെക്ടർ-1 ജാഗൃതി സൊസൈറ്റിയിലെ ഫ്ലാറ്റിൽ ഒക്ടോബർ 26-ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകശ്രമം അരങ്ങേറിയത്.

Author : വിപിന്‍ വി.കെ, ന്യൂസ് ഡെസ്ക്

ഗാസിയാബാദ്: ജിം ട്രെയിനറുമായുള്ള അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ട് ഭർത്താവിനെ കൊലപ്പെടുത്താൻ അവസരമൊരുക്കിയ ഭാര്യയും കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകനായ ജിം ട്രെയിനറും ഗാസിയാബാദിൽ പോലീസിന്റെ പിടിയിലായി . ശരീരമാസകലം ഗുരുതരമായി കുത്തേറ്റ ഭർത്താവ് നിലവിളിച്ച് ആളെക്കൂട്ടിയതിനെത്തുടർന്ന് അക്രമിയായ ജിം ട്രെയിനര്‍ ഭയന്നോടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.

ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദ് ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വസുന്ധര സെക്ടർ-1 ജാഗൃതി സൊസൈറ്റിയിലെ ഫ്ലാറ്റിൽ ഒക്ടോബർ 26-ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകശ്രമം അരങ്ങേറിയത്. ഡൽഹിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഝാൻസി സ്വദേശി ശശാങ്ക് കാന്താരിയയാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ ഭാര്യ പ്രിയ ശർമ്മ , കാമുകനും 'ഫിറ്റ്‌നസ് ഹെഡ്ക്വാർട്ടേഴ്‌സ്' ജിമ്മിലെ ട്രെയിനറുമായ പ്രതാപ് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നാല് വർഷം മുൻപാണ് പ്രിയയും ശശാങ്കും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ ഏഴെട്ട് മാസമായി വസുന്ധരയിലെ ജിമ്മിൽ പോയിരുന്ന പ്രിയ അവിടെയുള്ള ട്രെയിനറായ പ്രതാപ് സിംഗുമായി അടുപ്പത്തിലാവുകയും പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിടുകയും ശശാങ്ക് ഓഫീസിൽ പോകുന്ന സമയങ്ങളിൽ പ്രതാപ് ഇവരുടെ ഫ്ലാറ്റിലെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് ശശാങ്ക് മനസ്സിലാക്കുകയും, ദീപാവലിക്ക് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാൻ തീരുമാനിക്കുകയും ചെയ്തു.

തങ്ങളുടെ ബന്ധം തകരുമെന്ന് ഭയന്ന പ്രിയയും പ്രതാപും ചേർന്ന് ഒക്ടോബർ 25-ന് പ്രഭാത നടത്തത്തിനിടെയാണ് ശശാങ്കിനെ വകവരുത്താൻ ഗൂഢാലോചന നടത്തിയത്. പിറ്റേന്ന് രാവിലെ ജിമ്മിലേക്ക് പോകാനെന്ന വ്യാജേന ഫ്ലാറ്റിന്റെ പ്രധാന വാതിൽ പൂട്ടാതെ ചാരിയിട്ട് പ്രിയ പുറത്തിറങ്ങി. തുടർന്ന് കത്തിയുമായി ഫ്ലാറ്റിനുള്ളിൽ കടന്ന പ്രതാപ് സിംഗ് ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കിനെ തുരുതുരെ കുത്തുകയായിരുന്നു. ചോരയിൽ കുളിച്ച ശശാങ്ക് ഉറക്കെ നിലവിളിച്ചതോടെ പരിഭ്രാന്തനായ അക്രമി ഓടി രക്ഷപ്പെട്ടു.

നിലവിളി കേട്ടെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഗുരുതരാവസ്ഥയിലായ ശശാങ്കിനെ യശോദ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. ശശാങ്കിന്റെ സഹോദരൻ നൽകിയ പരാതിയിൽ വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും ഇവരുടെ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് തെളിവായി കണ്ടെടുത്തിട്ടുണ്ട്.

SCROLL FOR NEXT