തൃശ്ശൂർ മണ്ണൂത്തി നല്ലങ്കരയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ അതിക്രൂര ആക്രമണം. നാല് പൊലീസുകാർക്ക് ഗുരുതര പരിക്ക്. വടിവാളും കമ്പിവടികളുമായി പൊലീസിനെ ആക്രമിച്ച പ്രതികൾ മൂന്ന് പൊലീസ് വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ആറംഗ ഗുണ്ടാ സംഘത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതികളെ ഇന്ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കും.
മണ്ണൂത്തി നല്ലങ്കര വൈലോപ്പള്ളി നഗറിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. സഹോദരങ്ങളും ലഹരി മരുന്ന് കേസുകളിലെ പ്രതികളുമായ അൽത്താഫ് ജമാലും അഹദ് ജമാലുമാണ് സുഹൃത്തുക്കളായ ഗുണ്ടാ സംഘത്തിനായി ലഹരി പാർട്ടി ഒരുക്കിയത്. അഹദിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് 15 ലേറെ ആളുകളെയാണ് വൈലോപ്പള്ളി നഗറിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വീട്ടിലിരുന്ന് മദ്യപിക്കുന്നതും ലഹരി ഉപയോഗിക്കുന്നതും അൽത്താഫിൻ്റെയും അഹദിൻ്റെയും അമ്മ വിലക്കി. ഇതോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് മദ്യവും ലഹരിയും ഉപയോഗിച്ചു. ഇതിനിടെ യുവാക്കൾ തമ്മിൽ വാക്കു തർക്കവും കൈയ്യാങ്കളിയുമായി.
സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ അഹദിനെയും അൽത്താഫിനെയും ശകാരിച്ചതോടെ അമ്മയ്ക്കു നേരെയായി ഇരുവരുടെയും പരാക്രമം. പിന്നാലെ അമ്മ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ പൊലീസിന് നേരെയായി അതിക്രമം. ഈ സമയം സ്ഥലത്തുണ്ടായിരുന്ന 15 അംഗ സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടു. എന്നാൽ കൊലകേസ് പ്രതിയായബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിൽ ആഷ്ലിൻ ആൻ്റണി , എവിൻ ആൻറണി ഷാർബൽ തുടങ്ങിയവർ പൊലീസ് സംഘത്തെ ആക്രമിച്ചു. കൂടുതൽ പോലീസുകാർ എത്തിയപ്പോൾ വടിവാളും കമ്പി വടികളും ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. മൂന്ന് പോലീസ് വാഹനങ്ങളും പ്രതികൾ തല്ലി തകർത്തു.
ഗ്രേഡ് എസ്.ഐ ജയൻ, സീനിയർ സി.പി.ഒ അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. പരസ്പരം തമ്മിൽതല്ലിയതിനെ തുടർന്ന് പ്രതികളിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ മണ്ണുത്തി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. കൊലപാതകശ്രമം , പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ആറംഗ സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രക്ഷപ്പെട്ടു മറ്റു പ്രതികൾക്കായും അന്വേഷണം വ്യാപിപ്പിച്ചിച്ചു. ചികിത്സയിലുള്ള പ്രതികളെ പൊലീസ് ഓൺലൈനായി കോടതിയിൽ ഹാജരാക്കും.